തൃശൂർ: കൺമുന്നിലെത്തിയ മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടതെങ്ങനെയെന്ന് ഓർത്തെടുക്കാനാവാതെ, ഞെട്ടിത്തരിച്ചിരിക്കയാണ് ശ്രീലക്ഷ്മി (25). അത്രമാത്രം അത്ഭുതകരമായിരുന്നു തൃശൂർ പുറനാട്ടുകര ആമലത്ത് (ഇന്ദ്രീയം) ബേബി- ഹരിദാസ് ദമ്പതികളുടെ മകൾ ശ്രീലക്ഷ്മി മേനോന്റെ രക്ഷപെടൽ. 'ബസിന്റെ ഇടതുവശത്തെ സീറ്റിലായിരുന്നു ഞാൻ. ഉറക്കത്തിനിടെ ശക്തമായൊരു കുലുക്കം അനുഭവപ്പെട്ടു. ഞെട്ടിയുണർന്നു. സംഭവിച്ചതെന്ന് പെട്ടെന്ന് മനസിലായില്ല. തൊട്ടടുത്തിരുന്ന ആളെ കാണാനില്ല. ഡ്രൈവറുടെ സീറ്റും അതിനു പിൻഭാഗവും പൂർണമായും തകർന്നിരിക്കുന്നു. ബസ് അപകടത്തിൽപ്പെട്ടെന്ന് അൽപ്പം കഴിഞ്ഞാണ് മനസിലായത്. ഞാനിരുന്നതിന്റെ മറുവശത്താണ് ലോറി വന്നിടിച്ചത്. അല്ലായിരുന്നെങ്കിൽ.....'
ശ്രീലക്ഷ്മിക്ക് വാക്കുകൾ ഇടറി. ബാംഗ്ളൂരിൽ ഫ്ളിപ്കാർട്ട് ജോലി ചെയ്യുന്ന ശ്രീലക്ഷ്മി ആഴ്ചതോറും അവധിക്ക് വീട്ടിലെത്തും.
നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിനിടെ ശ്രീലക്ഷ്മിയെ ബസിന് പുറത്തെത്തിച്ചത്. ആംബുലൻസിൽ പരിക്കേറ്റവർക്കൊപ്പം ശ്രീലക്ഷ്മിയേയും കയറ്റി ആശുപത്രിയിലെത്തിച്ചു.
' നാലുപേരുണ്ടായിരുന്നു ആംബുലൻസിൽ. അതിൽ ഒരു സ്ത്രീക്ക് ബോധമുണ്ടായിരുന്നില്ല.
അവരുടെ ശരീരത്തിൽ നിന്ന് രക്തം വാർന്നുപൊയ്‌ക്കൊണ്ടിരുന്നു. കണ്ടിട്ട് സഹിക്കാനായില്ല. ആശുപത്രിയിലെത്തിയ ഉടൻ എന്റെ എക്‌സ്റേ എടുത്തു. അരമണിക്കൂറിന് ശേഷം കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വീട്ടിൽ വിളിച്ച് വിവരം അറിയിച്ചു. തിരുപ്പൂരിലെ സുഹൃത്ത് എത്തി, എന്നെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു."- ശ്രീലക്ഷ്‌മി പറഞ്ഞു.