gopika

കൊച്ചി : പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകൾക്കെതിരെ നിർണായക വിധി ഇന്നലെ പറയാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് നിശ്ചയിച്ചിരുന്നതാണ്. സ്റ്റേറ്റ് അറ്റോർണി ഉൾപ്പെടെയുള്ളവർ അഞ്ചാം നിലയിലെ കോടതിയിൽ രാവിലെ എത്തിയിരുന്നു. ഇതിനിടെയാണ് ജഡ്ജിയുടെ പ്രൈവറ്റ് സെക്രട്ടറി വരദാ ദേവിയുടെ മകൾ അവിനാശിയിലെ വാഹനാപകടത്തിൽ ഉൾപ്പെട്ട വാർത്തവരുന്നത്. ഒരു നിമിഷം കൊണ്ട് കോടതിമുറി മൂകമായി. കേസ് ഇന്നു പരിഗണിക്കില്ലെന്ന് കോടതി ജീവനക്കാർ അറ്റോർണിയെ അറിയിച്ചു. ഇതിനിടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കോടതിയിലേക്ക് എത്തി. അത്യാവശ്യമുള്ള കേസുകൾ മാത്രം പരിഗണിച്ച് ബെഞ്ചിറങ്ങി. തുടർന്ന് ചേംബറിലേക്ക് മടങ്ങിയ ജഡ്ജി അപകടത്തിന്റെ വിവരങ്ങൾ അറിയാൻ വിവിധ വ്യക്തികളെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഗോപികയുടെ പേര് ആദ്യം അപകടത്തിൽപെട്ടവരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നില്ല. ഇതൊരു നേരിയ പ്രതീക്ഷ നൽകിയെങ്കിലും ഉച്ചയോടെ ഗോപിക മരിച്ച വിവരം ജഡ്ജിയെ അധികൃതർ അറിയിച്ചു. തുടർന്ന് അദ്ദേഹം വരദയുടെ തൃപ്പൂണിത്തുറയിലെ വസതിയിലേക്ക് പോയി. ഹൈക്കോടതി ജഡ്ജിയുടെ പ്രൈവറ്റ് സെക്രട്ടറിയായ വരദയുടെയും ഗോകുൽനാഥന്റെയും ഏകമകളാണ് മരിച്ച ഗോപിക.