കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ടെങ്കിലും സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ രീതിയിലുള്ള മുന്നൊരുക്കമാണ് ബി.ജെ.പി നടത്തുന്നത്. തിരഞ്ഞെടുപ്പിന് എട്ടു മാസം മാത്രം ബാക്കി നിൽക്കെ ബിഹാറിൽ ബി.ജെ.പി മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. എന്നാൽ ബംഗാളിലെ രാഷ്ട്രീയ സാഹചര്യം ബി.ജെ.പിക്ക് അത്ര അനുകൂലമല്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ബി.ജെ.പിയുടെ വളർച്ചയെ മുന്നിൽ കണ്ടുകൊണ്ട് പുതിയ അടവുമായാണ് സി.പി.എം രംഗത്തെത്തുന്നത്.
ബംഗാളിൽ 2021ലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സി.പി.എമ്മിന് നഷ്ടപ്പെട്ട പഴയ പ്രതാപം തിരിച്ചുപിടിക്കാനാണ് പാർട്ടിയുടെ നീക്കം. അതുകൊണ്ട് തന്നെ ഹിന്ദു വിശ്വാസത്തെ തിരിച്ചുപിടിക്കാണ് സി.പി.എം ശ്രമിക്കുന്നത്. സംസ്ഥാനത്ത് മമതാ ബാനർജിയേക്കാൾ വലിയ വെല്ലുവിളിയായി ബി.ജെ.പി മാറിയിട്ടുണ്ടെന്ന് പാർട്ടി വിലയിരുത്തുന്നു. വിശ്വാസ സംരക്ഷണത്തിലൂടെ ജനങ്ങളെ ഒന്നിപ്പിച്ച് ബി.ജെ.പിയിലേക്കുള്ള വോട്ട് തടയാനാണ് നീക്കം. തിരഞ്ഞെടുപ്പിന് മുന്നെ ബി.ജെ.യെ ശക്തമായി നേരിടാൻ തന്നെയാണ് പാർട്ടി തീരുമാനം.
ബി.ജെ.പി മുഖ്യപ്രതിപക്ഷമാകുമ്പോൾ സി.പി.എം സംസ്ഥാനത്ത് ഇല്ലാതാകുമോ എന്ന ഭയവും നിലനിൽക്കുന്നുണ്ട്. ഇതോടെയാണ് വിശ്വാസ രാഷ്ട്രീയം സ്വീകരിക്കാൻ പാർട്ടി തീരുമാനിച്ചത്. പാർട്ടിക്കുള്ളിൽ വ്യാപകമായി പ്രചരിച്ച റിവ്യൂ റിപ്പോർട്ടിൽ ക്ഷേത്രങ്ങളെയും മറ്റ് ആരാധനാലയങ്ങളെയും കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് വ്യക്തമാക്കിയിരിക്കുന്നത്. ബി.ജെ.പിയുടെ ഹിന്ദു ധ്രൂവീകരണ വോട്ട് തടയാനും ഒരു മതത്തെ ഉപയോഗിച്ചുള്ള മുതലെടുപ്പ് അവസാനിപ്പിക്കുകയുമാണ് ലക്ഷ്യം. എന്നാൽ ഒരു പ്രത്യേത മതത്തിനോട് അടുക്കുന്നതിനോട് പാർട്ടിക്ക് യോജിപ്പില്ല. ഹിന്ദുത്വത്തെ മുൻ നിർത്തി ക്ഷേത്രങ്ങളെ കാവിവത്കരിക്കാനുള്ള ആർ.എസ്.എസിന്റെ ശ്രമം തടയാനാണ് പാർട്ടി പ്രധാനമായും ലക്ഷ്യമിടുന്നത്.