accident

പിറവം: "അറിഞ്ഞില്ല, ആരും പറഞ്ഞില്ല, ശുഭയാത്ര നേരുന്നു. ഗ്രൂപ്പിൽ വല്ലപ്പോഴും കയറാത്തതിന്റെ പ്രശ്നമാണ്.എനിവേ വീണ്ടും സന്ധിപ്പുംവരെ വണക്കം." അവിനാശി അപകടത്തിൽ മരിച്ച ബസ് കണ്ടക്ടർ വെളിയനാട് വാളകത്തിൽ ബൈജു വി.ആർ ഏറ്റവുമൊടുവിൽ അയച്ച വാട്സ്ആപ് സന്ദേശം ഇതാണ്. ഉറ്റസ്നേഹിതനും ന്യൂസിലാൻഡിൽ എൻജിനിയറുമായ ജിന്റോമോന് സന്ദേശം അയച്ചത് വ്യാഴാഴ്ച പുലർച്ചെ 12.45 ന്. അപകടത്തിന് രണ്ടര മണിക്കൂർ മുമ്പ്.

സന്ദേശം കിട്ടുമ്പോൾ ജിന്റോ നെടുമ്പാശേരിയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയിലായിരുന്നു. അടുത്ത വരവിന് സന്ധിക്കാം എന്നു മറുപടി പറഞ്ഞ് ജിന്റോ ശുഭരാത്രി നേർന്നു. സിംഗപ്പൂരിൽ ഇന്നലെ വെളുപ്പിന് ആറിനെത്തിയ ജിന്റോ എയർപോർട്ടിലെ മുറിയിൽ ചെറുതായൊന്നു മയങ്ങി. സുഹൃത്ത് ഡോണി വർഗീസ് വിളിച്ചെങ്കിലും ഫോണെടുത്തത് 8 ന്. വിവരം അറിഞ്ഞപാടേ തീരാവേദനയിലായി അദ്ദേഹം. പത്തുവർഷം മുമ്പാണ് കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായി ബൈജു ചേരുന്നത്. വെളിയനാട് സെന്റ് പോൾസ് ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സിയും പിറവത്തെ പാരലൽ കോളേജിൽ നിന്ന് പ്ളസ് ടുവും പാസായശേഷം പിതാവിന്റെ കൂടെ റബർ ടാപ്പിംഗിന് ഇറങ്ങി. ബൈജുവിന്റെ അദ്ധ്വാനശീലത്തെക്കുകുറിച്ച് പറയുമ്പോൾ ഇളയമ്മ ശാന്തകുമാരി വിതുമ്പി. ജോലി ലഭിക്കുന്നതു വരെ ടാപ്പിംഗ് തൊഴിലാളിയായിരുന്നു ബൈജു. നാട്ടിൽ ആർക്കെന്ത് സഹായം ചെയ്യാനും മുൻപന്തിയിലായിരുന്നു ബൈജുവെന്ന് കുട്ടിക്കാലം മുതലേയുള്ള സുഹൃത്തുമായ ഡോണി വർഗീസ് ഓർക്കുന്നു. നാട് മുഴുവൻ ബൈജുവിനെ സ്നേഹിച്ചിരുന്നു. ബൈജു നാടിനേയും. ബൈജുവിന്റെ വിയോഗമറിഞ്ഞ് ഈ നാടാകെ തേങ്ങുകയാണിപ്പോൾ. അങ്ങാടിയിൽ വീട്ടിലെ നഴ്സായ കവിതയെ സ്നേഹിച്ചാണ് ബൈജു വിവാഹം കഴിച്ചത്. കവിതയ്ക്ക് ജോലിക്ക് പോകാൻ സൗകര്യത്തിന് പത്തുവർഷത്തോളം വൈക്കത്ത് വാടക വീട്ടിലായിലായിരുന്നു താമസം. അഞ്ച് വർഷം മുമ്പാണ് തറവാടിനടുത്ത് വീടുവച്ച് താമസം മാറ്റിയത്. വട്ടപ്പാറ കാനായിക്കോട് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തിയിട്ടേ ജോലിക്ക് പോകാറുണ്ടായിരുന്നുള്ളു. അവസാന ഡ്യൂട്ടിക്ക് പോയതിന്റെ തലേന്നും ഈ പതിവു തെറ്റിച്ചിരുന്നില്ല.