റാഞ്ചി: ദേശീയ വാദം എന്ന പദം ഉപയോഗിക്കരുതെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ജനങ്ങൾ ദേശീയവാദം എന്ന പദം ഉപയോഗിക്കുന്നത് അഡോൾഫ് ഹിറ്റ്ലറുടെ നാസിസത്തെ ഓർമപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. റാഞ്ചിയിലെ മുഖർജി സർവകലാശാലയിൽ നടന്ന ആർ.എസ്.എസ് പരിപാടിയിൽ സംസാരിക്കവെ ആണ് ഭാഗവത് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
ദേശീയവാദം എന്ന പദം ഉപയോഗിക്കരുത്. രാഷ്ട്രം അല്ലെങ്കിൽ ദേശീയത എന്നാണ് ഉപയോഗിക്കേണ്ടത്. ദേശീയവാദം എന്ന് ഉപയോഗിക്കുമ്പോൾ അത് ഹിറ്റ്ലറുടെ നാസിസത്തെ ഓർമിപ്പിക്കുന്നു. മൗലികവാദം കാരണം രാജ്യത്തുടനീളം അശാന്തി നിലനിൽക്കുന്നുണ്ടെന്നും, രാജ്യത്തെ വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യയിലെ ഓരോ പൗരനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകരാജ്യങ്ങളുടെ നേതൃസ്ഥാനത്ത് ഇന്ത്യയെ എത്തിക്കുക എന്നതാണ് ആർ.എസ്.എസിന്റെ ലക്ഷ്യമെന്നും ഭാഗവത് വ്യക്തമാക്കി. ഇന്ത്യ ഉറപ്പായും നേതൃത്വത്തിലേക്കെത്തും. ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യ വളരുകയാണെങ്കിൽ അത് ലോകത്തിന് ഗുണം മാത്രമേ ഉണ്ടാക്കുകയുള്ളുവെന്നും ഭാഗവത് വ്യക്തമാക്കി.