അടുത്തവർഷം മുതൽ ഡേ കെയറിലെ ഫീസ് കൂടും എന്ന് മമ്മ കേൾക്കാതെയാണ് ആൻസിയോട് പറഞ്ഞത്. ചെലവുകളുടെ കണക്ക് പറഞ്ഞ് അവൾ പൊട്ടിത്തെറിക്കും എന്ന് വിചാരിച്ചാണ് രഹസ്യമായി പറഞ്ഞത്. അവൾക്ക് പക്ഷേ വിഷമം ഒന്നും ഇല്ലായിരുന്നു. എഴുപത് വയസ് കഴിയുന്നതുകൊണ്ടല്ലേ...എത്രയായാലും കൊടുത്തല്ലേ പറ്റൂ എന്നു തുടങ്ങുന്നതായിരുന്നു അവളുടെ പ്രതികരണം.
മോളുടെ എൻട്രൻസ് കോച്ചിംഗ് അടുത്ത മാസം മുതൽ തുടങ്ങും, നമ്മൾ ഓഫീസിൽ നിന്നും വരാൻ ആറുമണിയോളം ആകും. ഇത്രനേരം വീട്ടിൽ ആരും ഇല്ലാതെ മമ്മയെ ഒറ്റയ്ക്കിരുത്താൻ പറ്റില്ലല്ലോ...ഡേ കെയറിൽ ആകുമ്പോൾ അവർ പകൽ മുഴുവൻ നോക്കുമല്ലോ...അവർ മാന്യമായി ഓട്ടോയിൽ കൊണ്ടുപോവുകയും കൊണ്ടുവിടുകയും ചെയ്യുന്നുണ്ട്. മുൻപ് ഉണ്ടായിരുന്ന ഡേകെയറിലേതുപോലെ രാത്രിയിൽ മകളേയും മരുമകളേയും ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ഹോം വർക്കുകളോ ആക്ടിവിറ്റികളോ ഒന്നുമില്ല. കൂടെയുള്ള ഫ്രണ്ട്സും നല്ല കുടുംബത്തിൽ നിന്നുള്ളവർ തന്നെ. അതുകൊണ്ട് മോശം ശീലം ഒന്നും അവിടെ നിന്നും പഠിച്ച് വീട്ടിൽ കാണിക്കുകയില്ല. ആഹാരം കഴിച്ചിട്ട് പാത്രം പോലും കഴുകാറില്ലായിരുന്ന മമ്മ,അവിടെ പോയിത്തുടങ്ങിയശേഷം കഴിച്ച പാത്രം കഴുകിവയ്ക്കുന്നതും മേശവൃത്തിയാക്കുന്നതും എല്ലാം അച്ചായനും കണ്ടിട്ടുള്ളതല്ലേ...അതാണ് അച്ചടക്കമുള്ള സ്ഥാപനത്തിൽ കൊണ്ടുചേർത്താലുള്ള ഗുണം. ആറുമണിവരെ അവർ നോക്കുന്നുണ്ടല്ലോ, അത് കഴിഞ്ഞാൽ വന്ന് ടി.വിയുടെ മുന്നിലിരുന്നോളും.നമുക്ക് ശല്യമൊന്നുമില്ല. പിന്നെ ഫീസ് കൂട്ടുന്നകാര്യം, അത് മറ്റു മക്കളോടും പറയണം. അവർ അമ്മയ്ക്ക് ചെലവിന് കൊടുക്കുന്ന തുക കൂട്ടാൻ പറയണം.
*******************
ത്രേസ്യാമ്മ ഡേ കെയറിൽ അല്ല 'പകൽ വീട്ടിൽ" സന്തോഷവതിയായിരുന്നു. പണ്ടൊക്കെ നാട്ടുവർത്തമാനം കേൾക്കാനും പറയാനും പല വീടുകളിൽ കയറിയിറങ്ങി നടക്കണമായിരുന്നു. പൊങ്ങച്ചക്കാരികളായ മകളും മരുമകളും ഗൃഹഭരണം ഏറ്റെടുത്തതുമൂലം പല വീടുകളിലും പോകുന്നത് മനസിന് വിഷമം ഉള്ളതായി മാറി. ഞായറാഴ്ച പള്ളിയിലാണെങ്കിൽ കൊണ്ടുപോകുന്നവരുടെ സൗകര്യത്തിനനുസരിച്ച് പോയി വരണം. പകൽ വീട്ടിൽ എല്ലാവരും ഒത്തുകൂടി ഇവിടെ എന്തു രസമാണന്നോ. രാവിലെ എട്ടു മണിക്ക് വന്നാൽ വൈകിട്ട് ആറുമണിവരെ സംസാരം തന്നെ സംസാരം. സ്നാക്സ് കൊണ്ടുവന്നാലും ഇല്ലെങ്കിലും കുഴപ്പമില്ല. ആരു കൊണ്ടുവന്നാലും ഷെയർ ചെയ്ത് കഴിക്കും. ഉച്ചയ്ക്കത്തെ ആഹാരം ഇവിടെ നിന്നുതന്നെ. പക്ഷേ ആഴ്ചയിലൊരിക്കൽ വരുന്ന ഡോക്ടർ പല നിബന്ധനകളും വയ്ക്കും. ഉപ്പു കുറയ്ക്കണം. മധുരം കഴിക്കരുത് എന്നൊക്കെ. അതനുസരിച്ചേ ഭക്ഷണം കിട്ടുകയുള്ളൂ. ഒരുമിച്ചിരുന്ന് കഴിക്കുന്നതുകൊണ്ട്, പല പാത്രങ്ങളിൽ നിന്നും കഴിച്ച് അതെല്ലാം അങ്ങ് മറക്കും. പിന്നെ ഫ്രണ്ട്സ് ആരുടെയെങ്കിലും വീട്ടിൽ വിശേഷങ്ങൾ എന്തെങ്കിലും നടന്നാൽ അതിന്റെ ഒരു പങ്ക് പകൽവീട്ടിലും എത്തും. ഏലിയുടെ മരുമകൻ ബെൻസ് കാറ് വാങ്ങിച്ചപ്പോൾ ഞങ്ങൾക്കെല്ലാം ബ്ലാക്ക് ഫോറസ്റ്റിന്റെ കേക്കാണ് കൊടുത്തുവിട്ടത്. അക്കാര്യം മരുമകളോട് പറഞ്ഞപ്പോൾ അവൾക്ക് എന്തൊരു ദേഷ്യമായിരുന്നു. നാട്ടുകാരുടെ കാര്യം ഇവിടെ വന്ന് വിളമ്പരുത് എന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു. അസൂയ...അല്ലാതെന്ത്? ഒരു ദിവസം ഏലിയെ പുതിയ കാറിൽ കയറ്റി മരുമകൻ പകൽ വീട്ടിൽ കൊണ്ടുവിട്ട കാര്യം മരുമകളോട് പറയാത്തതും അതുകൊണ്ടാണ്.
*********************
സാമുവൽ സാറിന് ആ മാസത്തെ കണക്കുകൾ പരിശോധിച്ചശേഷം വളരെ സംതൃപ്തി തോന്നി. പകൽവീട് എന്ന സ്ഥാപനം വളരെ നല്ല രീതിയിൽ കൊണ്ടുപോവുന്നു. വിചാരിക്കുന്നതിലും അധികം ബാങ്ക് ബാലൻസ് കൂടുന്നുണ്ട്. മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകൾ തന്റെ അപ്പോയിൻമെന്റിന് വേണ്ടി എപ്പോഴും കാത്തുനിൽക്കുന്നു.
അഡൾട്ട് ഡയപ്പറിന്റെ കമ്പനിക്കാർ എപ്പോഴും ശല്യമാണ്. എഴുപത് വയസ് കഴിഞ്ഞ് അല്പമെങ്കിലും ഷുഗർ ഉള്ള എല്ലാവർക്കും ഡയപ്പർ നിർബന്ധമാക്കണമെന്നാണ് അവർ പറയുന്നത്. അതിനുവേണ്ടി രണ്ടു വീൽചെയറുകളാണ് അവർ സംഭാവന തന്നത്. 70 കഴിഞ്ഞവർക്ക് ഇപ്പോൾ തന്നെ സ്പെഷ്യൽ കെയർ എന്ന പേരിൽ അധിക ഫീസ് വാങ്ങുന്നുണ്ട്. അവരുടെ വീക്കിലി ഹെൽത്ത് ചെക്കപ്പിനും അധിക തുകയാണ്. ഡോക്ടർമാർ സൗജന്യമായി വന്ന് പരിശോധിക്കാനും തയ്യാറാണ്.
ഇപ്പോൾ പലരുടേയും ആവശ്യം നൈറ്റ് കെയർ കൂടി വേണമെന്നാണ്. പകൽവീട്ടിൽ നിന്നും ആരെങ്കിലും രാത്രികൂടി അവരുടെ വീട്ടിൽ സഹായത്തിന് താമസിക്കണമത്രേ... വീട് അടച്ചിട്ടിട്ട് മുതിർന്നവരെ വൃദ്ധസദനത്തിൽ ആക്കി എന്ന പരാതി വരരുതല്ലോ... വൈകിട്ട് അവരുടെ വീട്ടിൽ കൊണ്ടുചെന്നിട്ട് രാത്രി മുഴുവൻ അവരോടൊപ്പം താമസിക്കണമത്രേ. ആവശ്യം ശക്തമായപ്പോഴാണ് സ്റ്റാഫിന് താമസസൗകര്യമുണ്ടെന്ന് പറഞ്ഞ് പരിചാരകരെ നിയമിച്ചത്. ഓരോരുത്തരെ ആവശ്യമുള്ളവരുടെ വീട്ടിൽ താമസിപ്പിച്ചു. അങ്ങനെ ആ പ്രശ്നവും പരിഹരിച്ചു. സ്റ്റാഫിന് അധിക ശമ്പളം കൊടുക്കേണ്ടെങ്കിലും അക്കാര്യം കൂടിച്ചേർത്താണ് നൈറ്റ് കെയറിന്റെ ഫീസ് ഇരട്ടിയാക്കിയത്.
ചിലർക്ക് അവരുടെ മാതാപിതാക്കൾക്ക് പൊടിയുടെ അലർജി ഉള്ളതിനാൽ എ.സിയുടെ കാര്യം ചോദിക്കുന്നുണ്ട്. ഇനി അതിന്റെ ചെലവ് എങ്ങനെ വേണമെന്ന് തീരുമാനിക്കണം.
************************
വർഗീസ് അച്ചായന്റെ മരിച്ചടക്കിന് പോയിട്ടുവന്ന ആൻസി വളരെ സന്തോഷവതിയായിരുന്നു. വെൽ അറേഞ്ച്ഡ് ഫംഗ്ഷൻ എന്നാണ് അവൾ പറഞ്ഞത്. പകൽവീട്ടിൽ വച്ചായിരുന്നു വർഗീസിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഹോസ്പിറ്റലിലെ ഐസിയുവിൽ അഡ്മിറ്റ് ചെയ്തതിനുശേഷമാണ് സാമുവൽ സാർ വീട്ടുകാരെപ്പോലും വിവരം അറിയിച്ചത്. എല്ലാവിധ പരിചരണവും അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽതന്നെയായിരുന്നു. മക്കളെയെല്ലാം കണ്ടുകൊണ്ട് മരിക്കാനുള്ള ഭാഗ്യം അതുകൊണ്ട് വർഗീസ് അച്ചായന് ലഭിച്ചു. അന്തേവാസികളുടെയെല്ലാം വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചു. വീട്ടിൽ മരണവിവരം ചർച്ച ചെയ്യരുതെന്നും അത് ഡേ കെയറിലെ ആൾക്കാർക്ക് വിഷമം ഉണ്ടാക്കുമെന്നും പ്രത്യേകം പറഞ്ഞു. ചിലർക്ക് അത് മനോവിഷമം ഉണ്ടാക്കിയാലോ എന്ന് വിചാരിച്ചാണ് അങ്ങനെ പറഞ്ഞത്.
പള്ളിയിലെ ഒരുക്കങ്ങളും അതിനുശേഷമുള്ള ലഘുഭക്ഷണവും എല്ലാം വളരെ നന്നായി ഒരു ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനേക്കാൾ കൃത്യതയോടുകൂടി സാമുവൽ സർ എല്ലാം അറേഞ്ച് ചെയ്തു. സാധാരണ ചായയുടെ കൂടെ ബിസ്കറ്റോ ഉഴുന്നുവടയോ ആണ് പള്ളിയിലെ മരിച്ചടക്കിന് ശേഷം ഉണ്ടാകാറുള്ളത്. പക്ഷേ ഇന്ന് പഫ്സ് ആയിരുന്നു. വെജും, നോൺവെജും ആവശ്യത്തിന്. ഇത്രയും രുചിയുള്ള പഫ്സ് ഇതുവരെ കഴിച്ചിട്ടേയില്ല എന്നുതന്നെ പറയാം. അതുകൊണ്ട് നാണം ഒന്നും വിചാരിക്കാതെ രണ്ടെണ്ണം തന്നെ കഴിച്ചു. പിന്നെ, വർഗീസ് ചേട്ടന്റെ മരുമകൾ ഇട്ടിരുന്ന ബ്ലൗസ് പുതിയതായിരുന്നു. കഴുത്തെല്ലാം നന്നായി ഒതുക്കി വൃത്തിയായി തയ്ച്ചിരിക്കുന്നു. ഇതിനിടയിൽ അവൾ എവിടെ കൊടുത്ത് തയ്പിച്ചതായിരിക്കും അത്? അതോ അതും സാമുവൽ സാറിന്റെ കെയറോഫിൽ എമർജൻസി ആയി തയ്പിച്ചതായിരിക്കുമോ? അടുത്തതവണ ഡേ കെയറിൽ പോകുമ്പോൾ അതെല്ലാം ഒന്ന് തിരക്കിവയ്ക്കണം. അത്യാവശ്യം ആരുടെ കുടുംബത്തിലും ഉണ്ടാകാമല്ലോ...പരിചയമുള്ള ഒരു വിശ്വസ്തൻ നോക്കി നടത്താനുള്ളത് വലിയ ഒരു കാര്യമല്ലേ.. അവിടെ പണം എത്രയെന്ന് നോക്കിയിട്ട് എന്ത് കാര്യം? സമൂഹത്തിൽ അന്തസോടെ ജീവിക്കണമെങ്കിൽ ഇങ്ങനെയുള്ള ആളുകളെ എപ്പോഴും പരിചയത്തിൽ നിറുത്തണം.
ഭർത്താവ് രാത്രിയിൽ പുറത്തിറങ്ങി രഹസ്യമായി ആരോടോ സംസാരിക്കുന്നതു കണ്ടപ്പോൾ ആൻസിക്ക് സംശയം തോന്നി. ചോദിച്ചപ്പോൾ ഓഫീസിലെ ഹരിയുടെ ഫോൺ ആണെന്ന് പറഞ്ഞു. രാത്രിയിൽ ബെഡ് റൂമിൽ വച്ചാണ് ഹരി വിളിച്ച കാര്യം പറഞ്ഞത്. മമ്മ കേൾക്കാതിരിക്കാനാണത്രേ പുറത്തുപോയി നിന്ന് സംസാരിച്ചത്. ഹരിയും ഭാര്യയും ജോലിക്കുപോയാൽ പിന്നെ അവരുടെ അമ്മ വീട്ടിൽ ഒറ്റയ്ക്കാണത്രേ... അവരുടെ കുട്ടികൾ ചെറുതായിരുന്നപ്പോൾ വീട്ടിൽ ജോലിക്കായി ഒരു സ്ത്രീയെ നിറുത്തിയിരുന്നു. കുട്ടികൾ സ്കൂളിൽ പോയിത്തുടങ്ങിയപ്പോൾ അത് വേണ്ടെന്നു വച്ചു. ഒരുവിധം വീട്ടുജോലികൾ അവർ തന്നെ ചെയ്യും. പിന്നെ വീട്ടുജോലിക്ക് ഇപ്പോൾ അവർ ചോദിക്കുന്ന തുക കൊടുക്കണം. അതുകൊണ്ടാണ് വേലക്കാർ വേണ്ട എന്നുറച്ചത്. അവരുടെ അമ്മ വീട്ടിൽ തനിച്ച് ഇരുന്നോളുമായിരുന്നു. പക്ഷേ ഇപ്പോഴാണെങ്കിൽ അമ്മ ഗേറ്റിനടുത്ത് ചെന്നുനിന്ന് വഴിയിൽ പോകുന്നവരോടെല്ലാം സംസാരിക്കാറുണ്ടത്രേ... വീട്ടിൽ കാര്യങ്ങൾ ഒന്നും മറ്റുള്ളവർ അറിയുന്നതോ നാട്ടുകാർ ആരെങ്കിലുമൊക്കെ വീട്ടിൽ വരുന്നതോ ഹരിയുടെ ഭാര്യയ്ക്ക് ഇഷ്ടമല്ലത്രേ... വെറുതെ ടി.വിയും കണ്ടുകൊണ്ടിരിക്കാൻ പറഞ്ഞാലും എന്തെങ്കിലും സാഹചര്യം ഒത്തുകിട്ടിയാൽ നാട്ടിലെ വിശേഷം തിരക്കിയിറങ്ങും. ജനിച്ചുവളർന്ന നാട് ആണെന്ന് വിചാരിച്ചാണ് ഈ അമിത ധൈര്യം. പക്ഷേ ഇപ്പോഴത്തെ കാര്യം അങ്ങനെയാണോ... പരിചയക്കാരേക്കാൾ ഏറെ പരിചയമില്ലാത്തവരല്ലേ നാട്ടിൽ. പ്രായവും ചെറുപ്പം. ഇക്കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റുകയില്ലല്ലോ? അങ്ങനെ ഒരു പോംവഴി തേടിയപ്പോഴാണ് പകൽവീടിനെക്കുറിച്ച് അറിഞ്ഞത്. അവിടെ 60വയസിന് മുകളിലുള്ളവരെ മാത്രമേ ചേർക്കുകയുള്ളൂ എന്നതിനാൽ നേരായ വഴിയിലൂടെ അവിടെ അഡ്മിഷൻ കിട്ടാൻ ബുദ്ധിമുട്ടാണ്. സാമുവൽ സാറിന്റെ ആ സ്ഥാപനത്തിലെ ഒരു സീറ്റിനുവേണ്ടി ഒന്ന് ശുപാർശ ചെയ്യാമോ എന്ന് ചോദിച്ചാണ് ഹരി ഫോൺ ചെയ്തത്. നമ്മൾക്ക് സാമുവൽ സാറുമായിട്ട് മൂന്നുനാല് കൊല്ലത്തെ അടുപ്പം ഉണ്ടല്ലേ...
എന്തിനും ഉടനടി ഉത്തരം പറയാറുള്ള ആൻസി നിശബ്ദയായിരുന്നു. അകത്തെ മുറിയിൽ മൂത്ത കുട്ടി പഠനം കഴിഞ്ഞ് ജോലിക്കുവേണ്ടിയുള്ള പഠനത്തിന് മുഴുകിയിരിക്കുകയാണ്. ഇളയവൾ രണ്ടുകൊല്ലത്തിനുള്ളിൽ കോളേജ് ഹോസ്റ്റലിലേക്ക് മാറും. തനിക്ക് അഞ്ചുകൊല്ലം കൂടി മാത്രമേ ജോലിയുള്ളൂ. വിരമിക്കുന്നതിനുമുമ്പ് മക്കളുടെ കല്യാണം നടത്തണം. പിന്നെ അവർ അവരുടെ കുട്ടികൾ. ആൻസിയുടെ പേടിയോടെയുള്ള ഒരു ചോദ്യമാണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത്.
''സാമുവൽ സാർ ഡേ കെയറിലെ അഡ്മിഷന്റെ പ്രായം കുറയ്ക്കുമോ. ആൾക്കാർ നിർബന്ധിക്കുകയാണെങ്കിൽ?""
''ഭാവിയിൽ നമ്മുടെ മക്കളും നമ്മളെ...."" ചോദ്യം ചോദിച്ച ആൻസിയുടെ മുഖത്തെ വിഷമം കാണാനാകാതെ ഞാൻ കട്ടിലിന് ഒരുവശത്തേക്ക് ചരിഞ്ഞുകിടന്നു. ഒരു ദീർഘനിശ്വാസത്തോടെ ആൻസി മറുവശത്തേക്കും ചരിഞ്ഞു കിടന്നു.