വേനൽക്കാലത്ത് പാനീയങ്ങളിൽ മാത്രമല്ല, ഭക്ഷണക്കാര്യത്തിലും ശ്രദ്ധിക്കണം. ആഹാരത്തിൽ പച്ചക്കറികളും പഴങ്ങളും കൂടുതൽ ഉൾപ്പെടുത്തുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണം, മാംസാഹാരം പ്രത്യേകിച്ച് കോഴിയിറച്ചി എന്നിവ പരമാവധി ഒഴിവാക്കുക.
കുമ്പളങ്ങ, വെള്ളരിക്ക, കാരറ്റ്, തക്കാളി, പീച്ചിങ്ങ, പടവലങ്ങ, കോവയ്ക്ക, പച്ചപ്പയർ, മുരങ്ങിക്കായ, മത്തങ്ങ, ചീര, ചെറിയ ഉള്ളി എന്നീ പച്ചക്കറികളും മാമ്പഴം, മാതളം, മുന്തിരി, ഓറഞ്ച്, മുസംബി, പപ്പായ, പേരയ്ക്ക, പൈനാപ്പിൾ, വാഴപ്പഴം എന്നീ പഴങ്ങളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. ഫ്രൂട്ട് സാലഡുകൾ ശരീരം തണുപ്പിക്കും.
ഉഴുന്ന് അടങ്ങിയ ആഹാരവും ശരീരത്തിന് കുളിർമ്മ നല്കും. ചെറുപയർ, റാഗി, പച്ചക്കറി സൂപ്പ് എന്നിവ ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. ഇഡ്ഡലി, ദോശ, തേങ്ങാപ്പാൽ ചേർത്ത കഞ്ഞി, അരി അട, പാലപ്പം എന്നിവ കഴിക്കാം. തൈര് ചേർത്ത പച്ചക്കറി സാലഡ് ദിവസവും ഒരു നേരം കഴിക്കുക.