spices

കൊച്ചി: ഇന്ത്യയെ 2024-25ഓടെ അഞ്ചുലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുകയെന്ന കേന്ദ്രലക്ഷ്യത്തിന് കരുത്തേകാൻ സുഗന്ധവ്യഞ്ജന മേഖലയുടെ ഉത്‌പാദനവും കയറ്റുമതിയും ഇരട്ടിയാക്കണമെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി സോം പർകാശ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച സുഗന്ധവ്യഞ്ജന കയറ്റുമതിക്കാർക്കുള്ള സ്‌പൈസസ് ബോർഡിന്റെ പുരസ്‌കാരദാന ചടങ്ങ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യം കേന്ദ്രസർക്കാരിനുണ്ട്. കാർഷിക ഉത്പന്നങ്ങൾക്ക് ആഗോളതലത്തിൽ വിപുലമായ വിപണി കണ്ടെത്തേണ്ടത് കയറ്റുമതിക്കാരുടെ ദൗത്യമാണ്. എല്ലാ സംസ്ഥാനങ്ങളിലും സുഗന്ധവ്യഞ്ജനങ്ങളുടെയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെയും ഉത്പാദനമുണ്ട്. 160 രാജ്യങ്ങളിലേക്കായി 180ഓളം ഉത്പന്നങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്യുന്നു. കയറ്റുമതി വർദ്ധിപ്പിക്കുക ലക്ഷ്യമിട്ട് ഈ വർഷം ഏഴ് ബയർ-സെല്ലർ മീറ്ര് നടത്തിയെന്നും മന്ത്രി പറഞ്ഞു.

2015-16,​ 2016-17 വർഷങ്ങളിലെ മികച്ച കയറ്റുമതിക്കാർക്കുള്ള പുരസ്‌കാരങ്ങൾ മന്ത്രി സമ്മാനിച്ചു. കുരുമുളക്,​ ഏലം,​ ഇഞ്ചി,​ ജീരകം,​ ഉലുവ തുടങ്ങി ഓരോ വിഭാഗത്തിലെയും മികച്ച കയറ്റുമതിക്കാർ പുരസ്‌കാരം ഏറ്റുവാങ്ങി. ഏലം,​ പേരലം കൃഷിക്കായി ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ട് ഒരുക്കിയ പ്ളാന്റ് പ്രൊട്ടക്‌ഷൻ കോഡ് മന്ത്രി ഉദ്ഘാടനം ചെയ്‌തു.

വിവിധ സ്ഥാപനങ്ങളുമായി ചേർന്ന് സ്‌പൈസസ് ബോർഡ് തയ്യാറാക്കുന്ന നാഷണൽ സസ്‌റ്റൈനബിൾ സ്‌പൈസസ് പ്രോഗ്രാം,​ നവംബറിൽ മുംബയിൽ നടക്കുന്ന വേൾഡ് സ്‌പൈസസ് കോൺഗ്രസിന്റെ കർട്ടൺ റേസർ,​ സ്‌പൈസസ് ബോർഡിന്റെ അനുബന്ധ കമ്പനിയായ ഫേവറേറ്ര് സ്‌പൈസസ് ട്രോഡിംഗ് ലിമിറ്രഡിന്റെ ഓൺലൈൻ വ്യാപാര ആരംഭം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ഹൈബി ഈഡൻ എം.പി. അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ.,​ സ്‌പൈസസ് ബോർഡ് വൈസ് ചെയർമാൻ ഡോ. വർഗീസ് സെബാസ്‌റ്ര്യൻ മൂലൻ,​ കേന്ദ്ര വാണിജ്യ മന്ത്രാലയ ഡെപ്യൂട്ടി സെക്രട്ടറി ജ്യോതി യാദവ്,​ സ്‌പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യൻ,​ ഡയറക്‌ടർ ഷൈനമോൾ എന്നിവർ സംസാരിച്ചു.