parvathi-

കോഴഞ്ചേരി : റോഡിലൂടെ അടിച്ചു പൂസായി ആനപ്പുറത്ത് കിടന്ന് വരുന്ന പാപ്പാനെ കണ്ടപ്പോഴേ നാട്ടുകാർ ഒരു വീഴ്ച പ്രതീക്ഷിച്ചിരുന്നു. അതിനാൽ തന്നെ ആനയ്ക്ക് പിന്നാലെ ജനം കൂടുകയും ചെയ്തു. പ്രതീക്ഷിച്ചപോലെ കോഴഞ്ചേരിയിലെത്തിയപ്പോൾ പഠേ എന്നു പാപ്പാൻ താഴെ വീണു. ഭയപ്പാടോടെ പാപ്പാനെ രക്ഷിക്കുവാൻ എത്തിയ നാട്ടുകാരെ പക്ഷേ ആന തടയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാർവതി എന്നു പേരുളള പിടിയാനയുടെ കരുതലിനും സ്‌നേഹത്തിനും സാക്ഷിയായി നിൽക്കുവാനെ നാട്ടുകാർക്കായുള്ളു. ചെറുകോൽ സ്വദേശി അയ്യപ്പൻകുട്ടി കോട്ടപ്പാറയുടേതാണ്
സൗമ്യ ശീലയായ പാർവതിയെന്ന പിടിയാന. പാർവതിയെ മനസിലായ നാട്ടുകാർ ഉടമയെ വിവരം അറിയിച്ചു. പിന്നീട് ഉടമ സ്ഥലത്ത് എത്തിയ ശേഷം ആനയെ തൊട്ടടുത്തുള്ള പറമ്പിലേക്ക് മാറ്റിക്കെട്ടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും സംഭവസ്ഥലത്തെത്തിയിരുന്നു. ഇതിനിടെ പാപ്പാൻ ആനയുടെ കാലിലെ ചങ്ങല അഴിച്ചു മാറ്റുകയും ചെയ്തു. എന്നിട്ടും പാർവതി കുറുമ്പൊന്നും കാട്ടാതെ നല്ല കുട്ടിയായി നിൽക്കുകയായിരുന്നു.