vs-shivakumar

തിരുവനന്തപുരം: പൊതുപ്രവർത്തനം നടത്തുന്നയാളെ അപമാനിക്കാൻ ശ്രമിച്ചതിനുള്ള തിരിച്ചടിയാണ് തന്റെ വീട്ടിൽ നടത്തിയ പരിശോധനയെന്ന് മുൻ മന്ത്രിയും എം.എൽ.എയുമായ വി.എസ് ശിവകുമാർ പറഞ്ഞു. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടിയാണ് വ്യാഴാഴ്ച വിജിലൻസ് നടത്തിയ പരിശോധനയെന്നും റെയ്ഡ് ഒരു തരത്തിൽ തനിക്ക് ഒരു അനുഗ്രഹമായെന്നും ശിവകുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

വി.എസ്. ശിവകുമാറിന്റെ ശാസ്‌തമംഗലത്തെ വീട്ടിൽ ഇന്നലെ രാവിലെ എട്ടരമണിയോടെ തുടങ്ങിയ റെയ്ഡ് തീർന്നത് ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു. ശിവകുമാറിനോടൊപ്പം പ്രതിപട്ടികയിലുള്ള ഡ്രൈവർ ഷൈജു ഹരൻ, എൻ.എസ്.ഹരികുമാർ, എം.എസ്.രാജേന്ദ്രൻ എന്നിവരുടെ വീടുകളിലും വിജിലൻസ് സംഘം ഒരേസമയം പരിശോധന നടത്തി. പ്രതികൾ തമ്മിലുള്ള ഇടപാടുകളും, ഇവരുടെ ബാങ്ക് ലോക്കർ രേഖകളും കണ്ടെത്താനായിരുന്നു പരിശോധന. എന്നാൽ ശിവകുമാറിന്റെ വീട്ടിൽ നിന്ന് വിജിലൻസിന് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് സൂചന.

രാഷ്ട്രീയ എതിർപ്പുള്ളവരെ രാഷ്ട്രീയമായാണ് നേരിടേണ്ടത്. തന്റെ നിരപരാധിത്വം മാത്രമല്ല, ബാദ്ധ്യതയും വിജിലൻസിന് മനസിലായിട്ടുണ്ട്. ഈ സർക്കാരിന്റെ കാലത്ത് തിരുവനന്തപുരത്തിന് ഒന്നും കിട്ടിയിട്ടില്ലെന്ന് താൻ പറഞ്ഞത് സത്യമാണ്. തിരുവനന്തപുരത്തിന് എന്തെങ്കിലും നേട്ടമുണ്ടായിട്ടുണ്ടെങ്കിൽ അത് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് താൻ മന്ത്രിയായിരുന്നപ്പോഴാണെന്നും വി.എസ് ശിവകുമാർ പറഞ്ഞു. യുഡിഎഫിന്റെ കാലത്ത് 7 പാലങ്ങളാണ് നിർമിച്ചത്. തന്നെ അപമാനിക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയാണ് വിജിലൻസ് റെയ്ഡിന്റെ ബാക്കിപത്രമെന്നും വി.എസ് ശിവകുമാർ കൂട്ടിച്ചേർത്തു.

അതേസമയം, ശിവകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ ബാങ്ക് നിക്ഷേപങ്ങൾ, ആധാരങ്ങൾ, സ്വർണം എന്നിവയുടെ വിവരങ്ങൾ പരിശോധിച്ചെന്ന് വിജിലൻസ്. പിടിച്ചെടുത്ത രേഖകൾ വിശദമായി പരിശോധിക്കും. തിങ്കളാഴ്ച ഈ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കും. പ്രതികളിലൊരാളായ ഹരികുമാർ വഞ്ചിയൂരിൽ വാങ്ങിയ അഞ്ച് സെന്റ് വീട്, ശാന്തി വിള എം.രാജേന്ദ്രൻ ബേക്കറി ജംഗ്ഷനിൽ വാങ്ങിയ ഭൂമി എന്നിവയെ കുറിച്ചുള്ള വിവരങ്ങളും വിജിലൻസ് അന്വേഷിക്കുന്നുണ്ട്. തെളിവ് ശേഖരിച്ചശേഷം ചോദ്യം ചെയ്യാനായി ശിവകുമാറിന് വിജിലൻസ് നോട്ടീസ് നൽകും. വിജിലൻസ് സ്പെഷ്യൽ സെൽ എസ്.പി.വി.എസ്.അജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.