
വിവാഹം വളരെ പരിശുദ്ധമായ ബന്ധം എന്നാണ് സങ്കല്പം. രണ്ട് പേര് ഒന്നിക്കുമ്പോൾ അവരുടെ കുടുംബങ്ങളും കൂടി ഒന്നിക്കുന്ന സ്നേഹത്തിന്റെ ഒരു ആഘോഷമായി അത് വ്യാഖ്യാനിക്കപ്പെടുന്നു. ഈ വ്യാഖ്യാനങൾക്കപ്പുറത്തേക്കുള്ള ഒരു എത്തിനോട്ടമാണ് ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്ത 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'.

തറവാട്ടിലെ ഇളമുറക്കാരനായ റോഹന്റെ വിവാഹത്തിനായുള്ള തയാറെടുപ്പിലാണ് അയാളുടെ കുടുംബം. അതിസമ്പന്നനായ മാത്തച്ചന്റെ മകളാണ് വധു. ഇവരുടെ വിവാഹനിശ്ചയത്തിനായുള്ള 'സേവ് ദി ഡേറ്റ്' വീഡിയോ മുതൽ കാറ്ററിംഗിന് വരെയുള്ള കാര്യങ്ങൾ തകൃതിയായി നടക്കുന്നു. നാട്ടുകാരെ ബോധിപ്പിക്കാനുള്ള ഈ പ്രഹസനത്തിന്റെ പിന്നാമ്പുറം വ്യത്യസ്തമാണ്. വിവാഹം വെറുമൊരു കച്ചവടമാണെന്നും ബന്ധങ്ങൾ പേരിന് മാത്രമാണെന്നും സിനിമ തുറന്നു പറയുന്നു. കല്ല്യാണച്ചെറുക്കന്റെ സഹോദരന്മാർ പണം ഒക്കെ എന്തിനാ സമാധാനമാണ് വലുത് എന്ന് പറയുമ്പോഴും ഈ സമാധാനം വരുന്നത് സ്ത്രീധന തുക അക്കൗണ്ടിൽ വന്ന ശേഷമാണെന്ന ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയുണ്ട്. അതേപോലെ തന്നെ വിവാഹേതര ബന്ധങ്ങളെ അപ്പാടെ പൊളിച്ച് കാട്ടുന്നുണ്ട് സിനിമയിൽ. മറ്റുള്ളവരുടെ സദാചാര സംരക്ഷണത്തിന് പോകുമ്പോൾ സ്വന്തം വീട്ടിലെ കാര്യം തിരക്കിയിട്ടുണ്ടോ എന്ന ചോദ്യവും ചിത്രത്തിൽ പറഞ്ഞു പോകുന്നുണ്ട്.

അവിഹിത ബന്ധങ്ങളുടെ അതിപ്രസരമാണ് ചിത്രമാകമാനം. ഒരു വിവാഹനിശ്ചയത്തിനിടെ ഇതെല്ലാം ഒരുമിച്ച് നടക്കുകയും അതെല്ലാം വെളിച്ചത്താവുകയും ചെയ്യുന്നു. മറ്റൊരാളെ കുറ്റപ്പെടുത്തുമ്പോൾ താൻ പാപിയാണോ എന്ന സ്വയം പരിശോധനയാണ് വേണ്ടതെന്ന സന്ദേശമാണ് ഈ ആക്ഷപഹാസ്യ ചിത്രം മുന്നോട്ട് വയ്ക്കുന്നത്.
റോഹനായി അഭിനയിക്കുന്നത് യുവതാരം അരുൺ കുര്യനും അയാളുടെ പ്രതിശ്രുത വധുവായ ലിൻഡയുടെ കഥാപാത്രം ചെയ്തിരിക്കുന്നത് ശാന്തി ബാലച്ചന്ദ്രനുമാണ്. ചിത്രത്തിൽ കൂടുതൽ സ്ക്രീൻ സ്പേസ് വിനയ് ഫോർട്ടിന്റെ കഥാപാത്രത്തിനാണ്. തങ്ങൾക്ക് വന്ന ബിസിനസ് നഷ്ടം റോഹന്റെ വിവാഹത്തിലൂടെ കിട്ടുന്ന സ്ത്രീധനം കൊണ്ട് മറിക്കടക്കണം എന്ന് വിചാരിക്കുന്ന സഹോദരന്മാരായാണ് വിനയ് ഫോർട്ടും ടിനി ടോമും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അലൻസിയർ, അനുമോൾ, ശ്രിന്ധ, അനിൽ നെടുമങ്ങാട്, മധുപാൽ, സുനിൽ സുഖദ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ചിത്രത്തിലെ പ്രണയഗാനം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. പ്രശാന്ത പിള്ളയാണ് സംഗീതം. ജോമോൻ തോമസാണ് ഛായാഗ്രാഹണം.
ശംഭു പുരുഷോത്തമന്റെ ആദ്യ ചിത്രമായ 'വെടി വഴിപാട്' ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയുള്ള ചിത്രമായിരുന്നു. രണ്ടാം ചിത്രമായ 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' പേര് സൂചിപ്പിക്കും പോലൊരു ചിത്രമാണ്. നമ്മളിലേക്ക് തന്നെ വിരൽ ചൂണ്ടുന്ന ചിത്രം രസകരമായി അവതരിപ്പിച്ചിരിക്കുകയാണ്. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാനായില്ലെങ്കിലും ചിന്തിപ്പിക്കാനാകുമെന്ന് ഉറപ്പ്.
വാൽക്കഷണം: പാപികളല്ലാത്ത മനുഷ്യരുണ്ടോ
റേറ്റിംഗ്: 3/5