
പാരിസ്: സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനമായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്‌സിന്റെ(എഫ്.എ.ടി.എഫ്) ഗ്രേ ലിസ്റ്റിൽ നിന്നും മോചനം നേടാൻ സാധിക്കാതെ നട്ടം തിരിഞ്ഞ് പാകിസ്ഥാൻ. ഇത് സംബന്ധിച്ച് 8 നിർദ്ദേശങ്ങൾ അടങ്ങിയ പട്ടിക എഫ്.എ.ടി.എഫ് പാകിസ്ഥാന് നൽകിയിട്ടുണ്ട്.
എഫ്.എ.ടി.എഫ് നൽകിയിരിക്കുന്ന 8 നിർദ്ദേശങ്ങൾ നിവർത്തീകരിക്കാൻ നാല് മാസത്തെ സമയമാണ് എഫ്.എ.ടി.എഫ് രാജ്യത്തിന് നൽകിയിരിക്കുന്നത്.അതേസമയം, ഈ കാലയളവിൽ പുനർനിർണയം നടത്തുമ്പോൾ ക്രമക്കേടുകൾ കണ്ടെത്തിയാൽ രാജ്യത്തെ കരിമ്പട്ടികയിൽ പെടുത്തുമെന്ന് എഫ്.എ.ടി.എഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2018 ജൂണിലാണ് എഫ്.എ.ടി.എഫ് പാകിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റിൽ പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കലിനെതിരെയും തീവ്രവാദ ഫണ്ടിങ്ങിനെതിരെയും പാകിസ്ഥാനിൽ നിലനിൽക്കുന്ന നിയമങ്ങൾ അപര്യാപ്തമാണെന്നും അവ നടപ്പാക്കുന്നതിൽ ക്രമക്കേടുകൾ ഉണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് എഫ്.എ.ടി.എഫ് പാകിസ്ഥാനെ പട്ടികയിൽ പെടുത്തിയത്.
ഇത് പരിഹരിക്കുന്നതിനായി അന്ന് എഫ്.എ.ടി.എഫ് പാകിസ്ഥാന് 27 പോയിന്റുകൾ അടങ്ങിയ പട്ടിക നൽകുകയും അത് നടപ്പിൽ വരുത്താൻ 15 മാസത്തെ സമയവും നൽകിയിരുന്നു.ഇത് നിവർത്തീകരിച്ചില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തുമെന്ന് അന്നും എഫ്.എ.ടി.എഫ് മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ, ഇറാൻ, വടക്കൻ കൊറിയ എന്നീ രാജ്യങ്ങൾ മാത്രമാണ് എഫ്.എ.ടി.എഫിന്റെ കരിമ്പട്ടികയിൽ ഉള്ളത്.
എന്നാൽ സ്ഥാപനത്തിന്റെ 39 അംഗ പ്ലീനറി സമ്മേളനത്തിൽ പാകിസ്ഥാൻ ഇതിൽ 13 നിർദ്ദേശങ്ങൾ നടപ്പിലാക്കിയിട്ടില്ലെന്ന് കണ്ടെത്തുകയുണ്ടായി. അന്ത്യശാസനം പാകിസ്ഥാൻ അവഗണിച്ചത് സംബന്ധിച്ച് അന്ന് എഫ്.എ.ടി.എഫ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.