franko-mulaykkal

കൊച്ചി: കന്യസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നേരെ വീണ്ടും ലൈംഗികാരോപണം. നേരത്തെയുള്ള പീഡനകേസിൽ സാക്ഷിയായ കന്യാസ്ത്രീയാണ് ഇപ്പോൾ ബിഷപ്പിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്. കേസുമായി ബന്ധപ്പെട്ട് നൽകിയ സാക്ഷിമൊഴിയിലാണ് യുവതി ലൈംഗിക ആരോപണം ഉന്നയിക്കുന്നത്.

മഠത്തിൽ വച്ച് ബിഷപ്പ് തന്നെ കടന്നുപിടിച്ചെന്നും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും കന്യാസ്ത്രീ മൊഴിയിൽ പറയുന്നു. വീഡിയോ കോളിലൂടെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കാൻ ബിഷപ്പ് നിർബന്ധിച്ചിട്ടുണ്ടെന്നും മൊഴിയിൽ പറയുന്നു. മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ബിഷപ്പിനെതിരെ മൊഴി നൽകിയത്. ബിഷപ്പ് ഫ്രാങ്കോയുടെ സ്വാധീനം ഭയന്നാണ് നേരത്തെ പരാതി നൽകാതിരുന്നതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്‌. യുവതിയുടെ ആരോപണത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. പരാതിയുമായി കന്യാസ്ത്രീക്ക് മുമ്പോട്ട് പോകാൻ താൽപര്യമില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്ന് പൊലീസ് പറയുന്നു.

അതേസമയം,​ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ വിടുതൽ ഹർജിയിന്മേലുള്ള പ്രാഥമിക വാദം നാളെ തുടങ്ങും. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ വിചാരണ കൂടാതെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷൻ കഴിഞ്ഞ ആഴ്ച തടസ ഹർജി ഫയൽ ചെയ്തിരുന്നു. കഴിഞ്ഞ നാലു തവണ കേസ് കോടതി പരിഗണിച്ചപ്പോഴും ബിഷപ്പ് ഹാജരായിരുന്നില്ല. എന്നാൽ ഫ്രാങ്കോ മുളയ്ക്കൽ നൽകിയ വിടുതൽ ഹർജി തള്ളിയാൽ മേൽക്കോടതിയെ സമീപിക്കാനാണ് ഇയാളുടെ അഭിഭാഷകരുടെ തീരുമാനം. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

2018 സെപ്റ്റംബർ 21 നാണ് ജലന്ധർ രൂപതാ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലാകുന്നത്. ആയിരം പേജുള്ള കുറ്റപത്രത്തിൽ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 നഴ്‌സുമാരും ഉൾപ്പടെ 84 സാക്ഷികളുണ്ട്. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന 5 കുറ്റങ്ങളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്.