disease

ബംഗളുരു: സ്ഥാപനത്തിലെ ജീവനക്കാരന് രോഗം വന്നത് മൂലം രാജ്യത്തെ പ്രധാന ഓഫീസുകർ എല്ലാം അടച്ചുപൂട്ടി ജർമ്മൻ സോഫ്റ്റ്‌വെയർ ഭീമനായ 'സാപ്പ്'. ബംഗളുരുവിലുള്ള തങ്ങളുടെ ഇന്ത്യൻ ആസ്ഥാനത്ത് ജോലി ചെയ്യുന്ന രണ്ട് ജീവനക്കാർക്ക് എച്ച് 1 എൻ 1 പന്നിപ്പനി ബാധിച്ചിരിക്കുന്നതായി കണ്ടെത്തിയതിനാലാണ് മൂന്ന് സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന തങ്ങളുടെ സ്ഥാപനങ്ങൾ കമ്പനി അടച്ചു പൂട്ടിയത്. ബംഗളുരുവിന് പുറമെ ഡൽഹിയിലെ ഗുർഗാവോണിലും, മുംബയിലും ഉള്ള ഓഫീസുകളാണ് കമ്പനി താത്കാലികമായി അടച്ചുപൂട്ടിയത്.

സ്ഥാപനങ്ങൾ ശുചീകരിക്കാനും ഭാവിയിൽ ഇത്തരം രോഗങ്ങൾ ഉണ്ടാകുന്നത് തടയാനും വേണ്ടിയാണ് കമ്പനി ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചത്. ഈ കാലയളവിൽ സ്ഥാപനത്തിലേക്ക് വരേണ്ടതില്ലെന്നും ജീവനക്കാർ തങ്ങളുടെ വീടുകളിൽ ഇരുന്നുകൊണ്ട് ജോലികൾ ചെയ്താൽ മതിയെന്നുമാണ് കമ്പനി നിർദ്ദേശം നൽകിയിരിക്കുന്നത്. ലോകമാകെ കൊറോണ വൈറസ് രോഗം പടർന്നുപിടിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഇങ്ങയൊരു നിർദ്ദേശം.

കമ്പനി പരിസരങ്ങൾ കൃത്യമായി ശുചീകരിക്കുമെന്നും ഫ്യൂമിഗേറ്റ് ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ജീവനക്കാർ ആരെങ്കിലും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ അടിയന്തിരമായി ചികിത്സ തേടണമെന്നും കമ്പനി പുറത്തിറക്കിയ നോട്ടീസിലൂടെ പറയുന്നു. എന്നാൽ രോഗം ബാധിച്ച ജീവനക്കാർ ഏതൊക്കെ സ്ഥലങ്ങളിൽ യാത്ര പോയിട്ടുണ്ടെന്നോ നിലവിലെ അവരുടെ ആരോഗ്യനില ഏതാവസ്ഥയിലാണെന്നോ ഉള്ള കാര്യങ്ങൾ വ്യക്തമാക്കാൻ സാപ്പ് അധികൃതർ തയാറായില്ല.