womens-cricket-kerala

തിരുവനന്തപുരം : വനിതാ ക്രിക്കറ്റ് കൂടുതൽ ജനകീയമാക്കാനും, കൂടുതൽ പെൺകുട്ടികളെ കളിക്കളത്തിലേക്ക് കൊണ്ടുവരാനും ലക്ഷ്യമിട്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ 2020-21 വർഷത്തെ വനിതാ ക്രിക്കറ്റ് കലണ്ടർ പുറത്തിറക്കി. ഇതിന്റെ ഭാഗമായി വിവിധ പദ്ധതികളും, ടൂർണമെന്റുകളും നടപ്പിലാക്കും. വനിതകളുടെ എല്ലാ മത്സരങ്ങളും ഇനി വെള്ള പന്തിലും,കളർഡ്രസിലുമാകും നടക്കുക. ട്വന്റി-20, ഏകദിന ഫോർമാറ്റുകളിലാകും മത്സരങ്ങൾ.

വനിതാ ക്രിക്കറ്റ് താരങ്ങളെ കണ്ടെത്താൻ ടാലെന്റ് ഹണ്ട്, സമ്മർ കോച്ചിംഗ് ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കും. മുൻ താരങ്ങളെ ഉൾപ്പെടുത്തി പ്രഥമ വിമൻസ് ക്രിക്കറ്റ് കമ്മിറ്റിയും രൂപികരിച്ചിട്ടുണ്ട്. സുനു മാത്യുവാണ് ചെയർപേഴ്‌സൺ, ദീപ,സരിത മനോജ്, സോണിയാമോൾ, റിൻസി എന്നിവരാണ് അംഗങ്ങൾ.

1. വനിത സമ്മർ ലീഗ്

ഏപ്രിൽ ആദ്യം 'വനിത സമ്മർ ലീഗോടു കൂടിയാണ് സീസൺ ആരംഭിക്കുക.ഏകദിന ഫോർമാറ്റിൽ സീനിയർ ടീമും, അണ്ടർ 23 ടീമും തമ്മിലാണ് മത്സരം .

2. വനിതാ ക്രിക്കറ്റ് ലീഗ്

ഏപ്രിൽ അവസാനത്തോടെ നാല് ടീമുകളുടെ വനിതാ ക്രിക്കറ്റ് ലീഗ് നടത്തും. ട്വന്റി-20 ഫോർമാറ്റിൽ നടക്കുന്നലീഗിൽ കേരളത്തിലെ വനിതാ താരങ്ങൾ നാല് ടീമുകളായി ഏറ്റുമുട്ടും. ഓരോ ടീമിന്റെയും ഐക്കൺ താരം ക്യാപ്ടനാകും.

3. ഇന്റർ ഡിസ്ട്രിക് ക്ലസ്റ്റർ മത്സരങ്ങൾ
അണ്ടർ 16, 19, 23 ടീമുകളുടെ അന്തർ ജില്ലാ മത്സരങ്ങൾ സോണൽ രീതിമാറ്റി ക്ലസ്റ്റർ മാതൃകയിൽ നടത്തും. ടീമുകൾക്ക് കൂടുതൽ മത്സരങ്ങൾ ലഭിക്കുന്നതിനുവേണ്ടിയാണ് ക്ലസ്റ്റർ മാതൃകയിലേക്ക് മാറുന്നത്.

4. കണ്ടീഷനിങ് ക്യാമ്പുകൾ
തിരഞ്ഞെടുത്ത താരങ്ങൾക്ക് ജൂൺ മാസം കണ്ടീഷനിംഗ് ക്യാമ്പുകൾ നടത്തും.

5. എവേ ലീഗ്
മഴക്കാലത്ത് കളികൾ തടസപ്പെടതിരിക്കാൻ കേരളത്തിന് പുറത്ത് കേരളത്തിലെ വിവിധ ടീമുകൾ തമ്മിൽ എവേ ലീഗ് നടത്തും.