kerala-governor-

ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിലെ ഷഹീൻ ബാഗ് മോഡൽ സമരങ്ങൾ രാജ്യമെമ്പാടും വ്യാപിക്കുന്നതിനെ പരോക്ഷമായി വിമർശിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വന്തം കാഴ്ചപ്പാടിനനുസരിച്ചുള്ള നിയമങ്ങൾ പാസാക്കാത്തതിന് കുറച്ചാളുകൾ വഴിയിൽ കുത്തിയിരുന്നു സമരം ചെയ്യുകയാണ്. ഇതും ഒരു തരത്തിൽ തീവ്രവാദമാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. 'തീവ്രവാദവും നക്സൽവാദവും : കാരണവും വെല്ലുവിളികളും' എന്ന വിഷയത്തിൽ ഇന്ത്യൻ സ്റ്റുഡന്റ് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്ത് പ്രഭാഷണം നടത്തവേയാണ് ഗവർണർ ഇത്തരത്തിൽ പ്രതികരിച്ചത്.

പ്രസംഗത്തിനിടെ കണ്ണൂർ ചരിത്ര കോൺഗ്രസിൽ നേരിട്ട അനുഭവവും അദ്ദേഹം ഓർമ്മിപ്പിച്ചു. അഭിപ്രായം പറയാൻ ഏതുവിഷയത്തിലും ആർക്കും അവകാശമുണ്ട്, എന്നാൽ ആ അഭിപ്രായം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കരുത്. സ്വന്തം അഭിപ്രായം പറഞ്ഞതിന് കൈയ്യേറ്റ ശ്രമമുണ്ടായെന്നും, ചടങ്ങിൽ പ്രസംഗിക്കാൻ മുൻകൂർ അനുമതി തേടാത്തവരും പ്രസംഗിച്ചുവെന്നും കേരള ഗവർണർ പറഞ്ഞു.