religion

പട്ടം: ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷയിൽ കുട്ടിക്ക് 'മതമില്ല' എന്ന് മാതാപിതാക്കൾ രേഖപ്പെടുത്തിയത് കാരണം പ്രവേശനം നിഷേധിച്ച് തിരുവനന്തപുരം പട്ടത്തുള്ള സെന്റ് മേരീസ്‌ സ്‌കൂൾ. ഒരു മലയാള സ്വകാര്യ വാർത്താ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തങ്ങളുടെ മകന് പ്രവേശനം നിഷേധിച്ചതിന് സ്‌കൂളിനെതിരെ പരാതി നൽകിയിരിക്കുകയാണ് കുട്ടിയുടെ മാതാപിതാക്കൾ. പ്രവേശന ഫോം പൂരിപ്പിച്ച് നൽകിയപ്പോഴാണ് കുട്ടിക്ക് പ്രവേശനം നൽകാൻ തടസമുണ്ടെന്ന് സ്‌കൂളിലെ എൽ.പി വിഭാഗത്തിലെ മേധാവിയായ സിസ്റ്റർ ടെസ്സി മാതാപിതാക്കളായ ധന്യയേയും നസീമിനെയും അറിയിച്ചത്.

തങ്ങളുടെ കുട്ടിക്ക് പ്രവേശനം നിഷേധിച്ചത് നസീമും ധന്യയും ചോദ്യം ചെയ്തതോടെ മാനേജ്‍മെന്റുമായി ആലോചിച്ച ശേഷം, മതം രേഖപ്പെടുത്താൻ താത്പര്യമില്ലെന്ന് കാട്ടി വിശദമായ സത്യവാങ്‌മൂലം നൽകണമെന്ന് സിസ്റ്റർ ആവശ്യപ്പെടുകയായിരുന്നു. വിഷയം പുറത്തറിഞ്ഞതോടെ വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഇടപെട്ടിട്ടുണ്ട്.

ഈ വിഷയത്തിൽ അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. പ്രവേശന കാര്യത്തിൽ സർക്കാർ മാനദണ്ഡങ്ങൾ ലംഘിക്കാൻ പാടില്ലെന്ന് പ്രധാന അദ്ധ്യാപകർക്ക് നിർദ്ദേശവും ലഭിച്ചിട്ടുണ്ട്.

എന്നാൽ ഇത് സംബന്ധിച്ചുള്ള വിവാദം അനാവശ്യമാണെന്ന് പറഞ്ഞുകൊണ്ട് സ്‌കൂൾ രംഗത്ത് വന്നിട്ടുണ്ട്. സ്‌കൂൾ വിദ്യാർത്ഥിക്ക് നൽകുന്ന അനേകം ആനുകൂല്യങ്ങൾ ഏറെയും മതാടിസ്ഥാനത്തിലാണെന്നും പിൽക്കാലത്ത് ഏതെങ്കിലും വിദ്യാർത്ഥിക്ക് ഈ ആനുകൂല്യം നഷ്ടപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം മാതാപിതാക്കൾക്കായതു കൊണ്ട് അത് രേഖാമൂലം എഴുതി വാങ്ങേണ്ടതുണ്ടെന്നുമാണ് സ്‌കൂൾ അധികൃതർ അറിയിച്ചിരിക്കുന്നത്.

കുട്ടിക്ക് ഒരിക്കലും അഡ്മിഷൻ നിഷേധിക്കുകയോ ഏതെങ്കിലും പ്രകോപനപരമായ പെരുമാറ്റം സ്കൂൾ അധികൃതരിൽ നിന്ന് ഉണ്ടാവുകയോ ചെയ്തിട്ടില്ലെന്നും സ്‌കൂളിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. ഈ കാര്യമെല്ലാം മറച്ചു വച്ചുകൊണ്ട് സ്കൂളിനെതിരേ വ്യാപകമായ കുപ്രചരണം നടത്തുന്നത് വേദനാജനകമാണെന്നും സ്‌കൂൾ പ്രതികരിച്ചു.

സ്‌കൂൾ അധികൃതർ നൽകുന്ന വിശദീകരണം ഇങ്ങനെ:

തിരുവനന്തപുരം മേജർ അതിരൂപതയുടെ കീഴിലുള്ള പട്ടം സെന്റ് മേരീസ് സ്കൂളിലെ ലോവർ പ്രൈമറി വിഭാഗത്തിൽ കഴിഞ്ഞ ദിവസം ഒരു രക്ഷകർത്താവ് അഡ്മിഷന് വേണ്ടി വന്നിരുന്നു. പ്രവേശനത്തിനായി നൽകേണ്ട അപേക്ഷാ ഫോമിൽ കുട്ടിയുടെ മതം എന്ന കോളം പൂരിപ്പിക്കാത്തത് ശ്രദ്ധയിൽ പെട്ടപ്പോൾ അത് രക്ഷകർത്താവിനാട് ചോദിച്ചു. അപ്പോൾ രക്ഷകർത്താവ് ആ കോളം പൂരിപ്പിക്കാൻ താൽപര്യമില്ല എന്നു പറഞ്ഞു. രക്ഷകർത്താവിന് അങ്ങനെ ഒരു തീരുമാനമെടുക്കാൻ പൂർണ്ണസ്വാതന്ത്ര്യമുണ്ട്. എന്നാൽ സർക്കാർ, ഏതെങ്കിലും സ്കൂൾ വിദ്യാർത്ഥിക്കു നൽകുന്ന അനേകം ആനുകൂല്യങ്ങൾ ഏറെയും മതാടിസ്ഥാനത്തിലാണ്.

പിൽക്കാലത്ത് ഏതെങ്കിലും വിദ്യാർത്ഥിക്ക് ഈ ആനുകൂല്യം നഷ്ടപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം മാതാപിതാക്കൾക്കായതു കൊണ്ട് അത് രേഖാമൂലം എഴുതി വാങ്ങേണ്ടതുണ്ട്. ഇതുമാത്രം സ്കൂൾ അധികൃതർ രക്ഷകർത്താവിനോട് ആവശ്യപ്പെട്ടു. കുട്ടിക്ക് ഒരിക്കലും അഡ്മിഷൻ നിഷേധിക്കുകയോ ഏതെങ്കിലും പ്രകോപനപരമായ പെരുമാറ്റം സ്കൂൾ അധികൃതരിൽ നിന്ന് ഉണ്ടാവുകയോ ചെയ്തിട്ടില്ല. മാത്രവുമല്ല സ്കൂൾ ലോക്കൽ മാനേജർ വിവരം ശ്രദ്ധയിൽ പെട്ടപ്പോൾ അഡ്മിഷന് യാതൊരു തടസ്സവുമില്ല എന്ന് രക്ഷകർത്താവിനെ നേരിട്ടറിയിക്കുകയാണുണ്ടായത്. ഈ കാര്യമെല്ലാം മറച്ചുവച്ചു കൊണ്ട് സ്കൂളിനെതിരേ വ്യാപകമായ കുപ്രചരണം നടത്തുന്നത് വേദനാജനകമാണ്.

എൺപതു വർഷമായി തിരുവനന്തപുരം നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് സ്കൂൾ പതിമൂവായിരത്തിലധികം വിദ്യാർത്ഥികൾക്ക് വിവിധ വിഭാഗങ്ങളിലായി ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകി മുന്നോട്ടു പോവുകയാണ്. ഈ നാട്ടിലെ നാനാജാതി മതസ്ഥരായ വിദ്യാർത്ഥികൾ യാതൊരു തരത്തിലുള്ള വിവേചനവുമില്ലാതെ ഈ സ്കൂളിൽ പഠിച്ചിറങ്ങുന്നത് എല്ലാവർക്കും അറിയാം. ഏഷ്യയിലെ ഏറ്റവും വലിയ സ്കൂൾ എന്ന ഖ്യാതി പട്ടം സെന്റ്മേരീസ് നേടിയത് എല്ലാവരേയും സ്വീകരിച്ചുകൊണ്ടാണ്; ആരേയും ഒഴിവാക്കിയല്ല. മതമുള്ള ജീവനേയും മതമില്ലാത്ത ജീവനേയും പഠിപ്പിക്കുന്നതിൽ എക്കാലത്തും സ്കൂളിന് തുല്യ പരിഗണനയാണുള്ളത്. അതിനാൽ അനാവശ്യമായ ഈ വിവാദം അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.

ഫാ. ബോവസ് മാത്യു മേലൂട്ട്
പി. ആർ. ഒ.,
തിരുവനന്തപുരം മേജർ അതിരൂപത.