കൊച്ചി: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ്, ആഗോള സമ്പദ്‌വ്യവസ്ഥയെയും തൂത്തെറിയുന്നു. ഇന്ത്യയിൽ കൊറോണ വൈറസ് ഭീതി പരത്തുന്നില്ലെങ്കിലും, ആഭ്യന്തര സാമ്പത്തിക മേഖലയാകെ ആടിയുലയുകയാണ്.
മൊത്തം 8,700 കോടി ഡോളറിന്റെ (ഏകദേശം 6.25 ലക്ഷം കോടി രൂപ) വ്യാപാരമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ളത്. ഇതിൽ 7,000 കോടി ഡോളറും ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയാണ്. ഇപ്പോൾ, ചൈനയിൽ നിന്നുള്ള ഇറക്കുമതി നിലച്ചമട്ടാണ്. ഇത്, ഇന്ത്യൻ ബിസിനസ് മേഖലയെയും സ്തംഭനാവസ്ഥയുടെ വക്കിൽ എത്തിച്ചിട്ടുണ്ട്.
അമേരിക്ക കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. ഇലക്‌ട്രിക്കൽ മെഷീനറികൾ, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, സ്‌റ്രീൽ, ഇരുമ്പ്, വാഹനങ്ങൾ, വാഹനങ്ങളുടെ ആക്‌സസറികൾ, സോളാർ ബാറ്ററികൾ, പാനലുകൾ തുടങ്ങിയവയാണ് ചൈനയിൽ നിന്ന് പ്രധാനമായും ഇന്ത്യ വാങ്ങുന്നത്. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയിൽ 13.7 ശതമാനവും ചൈനയിൽ നിന്നാണ്. കയറ്റുമതിയിൽ 5.1 ശതമാനമാണ് ചൈനയിലേക്കുള്ളത്.
ഏകദേശം 3,000 കോടി ഡോളറിന്റെ സ്‌മാർട്‌ഫോൺ വിപണിയാണ് ഇന്ത്യ. ലോകത്ത് രണ്ടാംസ്ഥാനം. ചൈനീസ് കമ്പനികളാണ് ഇന്ത്യൻ വിപണി കുത്തകയാക്കി വച്ചിരിക്കുന്നതെങ്കിലും അവ ഇന്ത്യയിൽ തന്നെ നിർമ്മാണ പ്ളാന്റുകൾ തുറന്നിരുന്നു. എന്നാൽ, ഫോൺ നിർമ്മാണത്തിനുള്ള ചിപ്പുകളും മറ്റും ഇപ്പോഴും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. കൊറോണയുടെ സാഹചര്യത്തിൽ ഇറക്കുമതി നിലച്ചത്, പുതിയ ഫോണുകളുടെ നിർമ്മാണത്തിന് തടസമാകും. ഇത്, വിപണിയെ തളർത്തും.
ആശങ്കയോടെ
ഇ-കൊമേഴ്‌സ്
ഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണിയുടെ നിലവിലെ മൂല്യം ഏകദേശം 3,100 കോടി ഡോളറാണ്. ഇ-വിപണിയുടെ വരുമാനത്തിന്റെ പാതിയും ലഭിക്കുന്നത് ടിവി, മൊബൈൽഫോൺ തുടങ്ങിയവയിലൂടെയാണ്. ഏകദേശം 16 കോടി സ്‌മാർട്‌ഫോണുകൾ പ്രതിവർഷം ഇന്ത്യയിൽ വിറ്റഴിയുന്നു. ഇതിന്റെ 40 ശതമാനവും ഇ-കൊമേഴ്‌സ് വഴിയാണ്. ടിവി, ഫോൺ എന്നിവയുടെ നിർമ്മാണം മുടങ്ങുന്നത് ഇ-വിപണിയെ വലയ്ക്കും.
റോക്കറ്രിലേറി
മരുന്ന് വില
മരുന്ന് നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്‌തുക്കളിൽ മുന്തിയപങ്കും ചൈനയിൽ നിന്നാണ് എത്താറ്. നിലവിൽ, ഇതിന് തടസമുള്ളതിനാൽ ആന്റിബയോട്ടിക് ഉൾപ്പെടെയുള്ള മരുന്നുകളുടെ വില 15 മുതൽ 50 ശതമാനം വരെ കൂടിയിട്ടുണ്ട്. പാരസെറ്റാമോൾ വില 40 ശതമാനം ഉയർന്നു.
തളരുന്ന ജി.ഡി.പി
ഇന്ത്യ നടപ്പു സാമ്പത്തിക വർഷം (2019-20) ഇന്ത്യയുടെ ജി.ഡി.പി വളർച്ച ദശാബ്‌ദത്തിലെ ഏറ്റവും താഴ്‌ന്നനിരക്കായ 5 ശതമാനത്തിലേക്ക് ഇടിയുമെന്നാണ് വിലയിരുത്തലുകൾ. കൊറോണയുടെ തിരിച്ചടി പ്രതിഫലിക്കുക 2020-21 സാമ്പത്തിക വർഷത്തിലായിരിക്കും. നേരത്തേ, 2020ൽ ഇന്ത്യ 6.6 ശതമാനം വരെ വളരുമെന്ന് പ്രവചിച്ചിരുന്നവർ ഇപ്പോൾ പ്രതീക്ഷിക്കുന്നത് 5-5.4 ശതമാനമാണ്.
ചൈനയുടെ വീഴ്‌ച
ചൈനയുടെ ജി.ഡി.പി 2020ൽ 1992ന് ശേഷമുള്ള ഏറ്രവും വലിയ താഴ്‌ചയായ 4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തിയേക്കും. ഇപ്പോൾ മൊത്തം സമ്പദ്‌ശേഷിയുടെ 40-50 ശതമാനം ബലം മാത്രമാണ് ചൈനയ്ക്കുള്ളത്.
ഐ.ടിയ്ക്കും
തിരിച്ചടി
ഏകദേശം 18,500 കോടി ഡോളർ മൂല്യമുള്ള ഇന്ത്യൻ ഐ.ടി മേഖലയും കൊറോണയിൽ വലയുകയാണ്. ടി.സി.എസ്., ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ തുടങ്ങി ഇന്ത്യയുടെ മുൻനിര ഐ.ടി കമ്പനികൾക്കെല്ലാം ചൈനയിൽ വലിയ സാന്നിദ്ധ്യമുണ്ട്. നിലവിൽ, ചൈനയിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് കമ്പനികളുടെ നിർദേശം. എന്നാൽ, ഇതെത്രകാലം തുടരാനാകുമെന്ന് ആശങ്കയുണ്ട്.
ചിറക് കൊഴിഞ്ഞ്
വ്യോമയാനം
കൊറോണ മൂലം ആഗോള വ്യോമയാത്രയിൽ ഉണ്ടായ ഇടിവ് 4.7 ശതമാനമാണ്. വിമാനക്കമ്പനികളുടെ വരുമാന നഷ്‌ടം 2,900 കോടി ഡോളർ. ഇന്ത്യൻ കമ്പനികളടക്കം മിക്ക വിമാന കമ്പനികളും ചൈനയിലേക്കുള്ള സർവീസ് നിറുത്തി.
₹31,000 കടന്ന്
പവൻ വില
ഗ്രാം വില ₹4,000ലേക്ക്
കൊറോണ വൈറസ് ബാധ ആഗോള മൂലധന വിപണിയെ തളർത്തിയ പശ്‌ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡേറുകയാണ്. ഇതുമൂലം വില പുതിയ ഉയരത്തിലുമെത്തി.
കേരളത്തിൽ പവൻവില ചരിത്രത്തിൽ ആദ്യമായി 31,000 രൂപ കടന്നു. ഇന്നലെ 400 രൂപ വർദ്ധിച്ച് വില 31,280 രൂപയായി. ഗ്രാം വില 50 രൂപ വർദ്ധിച്ച് 3,910 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 1,626 ഡോളറിലെത്തിയാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വില ഇനിയും കൂടുമെന്നും ഗ്രാം വില 4,000 രൂപ കടന്നേക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ കുറഞ്ഞത് 35,000 രൂപ കൊടുക്കേണ്ട സ്ഥിതിയാണ് നിലവിൽ കേരളത്തിലുള്ളത്.