vijay

മകനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സൂപ്പർതാരം വിജയ്‌യുടെ അച്ഛൻ എസ്.എ ചന്ദ്രശേഖർ രംഗത്ത്. ഒരു അഭിമുഖത്തിനിടെയാണ് തമിഴ് സിനിമാസംവിധായകൻ കൂടിയായ ചന്ദ്രശേഖർ പ്രതികരിച്ചത്. ജീവിതത്തിൽ മതവിശ്വാസത്തിന് അമിത പ്രാധാന്യം നൽകാത്ത കുടുംബമാണ് തങ്ങളുടേതെന്നും ആരോപണങ്ങൾ ബാലിശമാണെന്നും ചന്ദ്രശേഖർ പറയുന്നു.

ഞാൻ ക്രിസ്‌ത്യൻ മതത്തിൽ ജനിച്ച ഒരാളാണ്. എന്റെ ഭാര്യ ശോഭ ഹിന്ദുമതവിശ്വാസിയും. 45 വർഷങ്ങൾക്ക് മുൻപായിരുന്നു വിവാഹം. ഞാൻ ഒരിക്കലും അവരുടെ മതവിശ്വാസങ്ങളിൽ ഇടപ്പെട്ടിട്ടില്ല. ജീവിതത്തിൽ ഒരുവട്ടം മാത്രം ഞാൻ ജറുസലേമിൽ പോയിട്ടുണ്ട്, മൂന്ന് വട്ടം തിരുപ്പതിയിലും. തിരുപ്പതിയിൽ പോയി തലമൊട്ടയടിച്ചിട്ടുണ്ട്. വിജയ് വിവാഹം കഴിച്ചത് ഒരു ഹിന്ദു പെൺകുട്ടിയെയാണ് (സംഗീത). ഞങ്ങളുടെ വീട്ടിൽ ഒരു വലിയ പൂജ മുറിയുണ്ട്. വിജയ്‌യുടെ വിവാഹം ക്രിസ്ത്യൻ മതാചാര പ്രകാരമാണ് നടത്തിയതെന്ന് ആരോപിക്കുന്നവർ തെളിവ് കൊണ്ടുവരട്ടെ. തെറ്റാണെന്ന് തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവർ പരസ്യമായി മാപ്പ് പറയുമോ? ചന്ദ്രശേഖർ ചോദിക്കുന്നു.