surat

സൂററ്റ്: ഗുജറാത്ത് സൂറത്തിലെ ഗവൺമെന്റ് ആശുപത്രിയിൽ വനിത ക്ളാർക്ക് ട്രെയിനികളെ ഒരു മുറിയിൽ ഒന്നിച്ച് നഗ്നരാക്കി മെഡിക്കൽ പരിശോധന നടത്തിയെന്ന് പരാതി.

സൂറത്ത് മുൻസിപ്പൽ കോർപ്പറേഷനിലെ 10 വനിത ക്ലാർക്കുമാരാണ് ഗൈനക്കോളജി വാർ‌ഡിൽ അപമാനിക്കപ്പെട്ടത്. സംഭവത്തിൽ അന്വേഷണം നടത്താൻ സൂറത്ത് മുൻസിപ്പൽ കമ്മിഷണർ ബൻഛാനിഥി പാനി ഉത്തരവിട്ടു.

ഭുജിലെ വനിത കോളേജിൽ 60 വിദ്യാർത്ഥികളുടെ അടിവസ്ത്രം ബലമായി അഴിപ്പിച്ച് ആർത്തവ പരിശോധന നടത്തിയത് വിവാദമായതിന് പിന്നാലെയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം.

20ന് സൂറത്ത് മുൻസിപ്പൽ കോർപ്പറേഷന് കീഴിലുള്ള സൂറത്ത് മുനിസിപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻ റിസർച്ച് ആശുപത്രിയിലാണ് സംഭവം. ജോലിയിൽ കയറുന്നതിന് മുമ്പ് ശാരീരിക ക്ഷമത പരിശോധനയിൽ വിജയിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. മൂന്ന് വർഷം ട്രെയിനിംഗ് പൂർത്തിയാക്കിയ വനിതാ ക്ലാർക്കുമാരെയാണ് പരിശോധിച്ചത്. ഗൈനക്കോളജി വാർഡിലെത്തിയ എല്ലാവരെയും ഒരുമിച്ച് നിറുത്തിയാണ് നഗ്നരാക്കിയത്. വിവാഹം കഴിയാത്തവരെപ്പോലും നഗ്നയാക്കി ഗർഭിണിയാണോ എന്ന് പരിശോധിച്ചതായി എസ്.എം.സി എംപ്ലോയീസ് യൂണിയൻ ആരോപിച്ചിരുന്നു. ഇത് മനുഷ്യത്വരഹിതും സ്ത്രീത്വത്തെ അപമാനിക്കലുമാണെന്ന് കാട്ടി യൂണിയൻ പരാതി നൽകി. പരിശോധനയ്ക്കിടെ ഗർഭധാരണത്തെക്കുറിച്ച് വനിത ഡോക്ടർമാർ അസംബന്ധമായ ചോദ്യങ്ങൾ ചോദിച്ചതായി യൂണിയൻ ജനറൽ സെക്രട്ടറി അഹമ്മദ് ഷെയ്ഖ് പറഞ്ഞു.

അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സൂറത്ത് മേയർ ജഗദീഷ് പട്ടേൽ പറഞ്ഞു.