കൂട്ടുകാരുടെ പരിഹാസങ്ങൾ സഹിക്കവയ്യാതെ പൊട്ടിക്കരയുന്ന ഒമ്പതുവയസുകാരന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഓസ്ട്രേലിയൻ സ്വദേശിയായ യറാക്ക ബൈലസ് ആണ് നൊമ്പരപ്പെടുത്തുന്ന വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്. പൊക്കക്കുറവിന്റെ പേരിൽ സഹപാഠികൾ നിരന്തരമായി കളിയാക്കുന്നുവെന്ന് കുട്ടി കരഞ്ഞുകൊണ്ട് പറയുന്നു. കളിയാക്കലിന്റെ പ്രത്യാഘാതമാണിത്. മറ്റെന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല- മകൻ കരയുന്ന വീഡിയോ പങ്കുവച്ച് കൊണ്ട് അമ്മ യറാക്ക പറയുന്നു.
' എനിക്കൊരു കയർ തരൂ. ഞാൻ ആത്മഹത്യ ചെയ്യാം. കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകർക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണം-എന്നൊക്കെയാണ് ക്വാഡൻ പറയുന്നത്. അമ്മയും പൊട്ടിത്തരഞ്ഞു കൊണ്ടാണ് സംഭവങ്ങൾ തുറന്നു പറയുന്നത്. വിദ്യാർത്ഥികളുടെ കളിയാക്കലുകൾ സഹിക്കാൻ പറ്റുന്നില്ല. കുള്ളൻ കുള്ളൻ എന്നാണ് അവർ വിളിക്കുന്നത്. ക്വാഡൻ പറയുന്നു.
മകനെ സ്കൂളിൽ നിന്നും വിളിക്കാൻ ചെന്നപ്പോഴാണ് കൂട്ടുകാർ അവനെ കളിയാക്കുന്നത് കാണുന്നത്. തുടർന്ന് അമ്മ ലൈവ് വീഡിയോ ചെയ്യുകയായിരുന്നു. കുട്ടിയേയും അമ്മയേയും പിന്തുണച്ച് കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഓസ്ട്രേലിയൻ സിനിമാ താരം ഹ്യൂഹ് ജാക്മാൻ ക്വാഡന് പിന്തുണയുമായെത്തി. നിങ്ങൾക്കറിയാവുന്നതിനേക്കാൾ ശക്തനാണ് നിങ്ങൾ. ഇതൊന്നും കാര്യമാക്കേണ്ട. നിങ്ങൾക്ക് എന്നിൽ ഒരു സുഹൃത്തിനെ ലഭിച്ചു- ജാക്മാൻ കുറിച്ചു.