കൊച്ചി: അവിനാശി ദുരന്തത്തിൽ മരിച്ചവർക്ക് വിട ചൊല്ലുമ്പോൾ സങ്കടം അടക്കാനാവാതെ പൊട്ടിക്കരയുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും അയൽക്കാരും. അപ്രതീക്ഷിത ദുരന്തത്തിനിരായവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും ആർക്കുമായില്ല.
കെ.എസ്.ആർ.ടി.സി മുൻ എം.ഡി ടോമിൻ ജെ.തച്ചങ്കരി വോൾവോ ബസ് ഓടിച്ചിരുന്ന ഗിരീഷിന്റെ പുല്ലുവഴിയിലെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. 2018 ൽ എം.ഡിയായിരിക്കെ മികച്ച സേവനത്തിന് ഗിരീഷിനും കണ്ടക്ടർ ബൈജുവിനും തച്ചങ്കരി പ്രത്യേക അഭിനന്ദനക്കത്ത് കൈമാറിയിരുന്നു.
തൃപ്പൂണിത്തുറ കണ്ണൻകുളങ്ങര തോപ്പിൽ വീട്ടിൽ ഗോകുൽനാഥിന്റെയും വരദാദേവിയുടെയും ഏക മകളായ ഗോപികയുടെ മൃതദേഹം ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് വീട്ടിലെത്തിച്ചത്. വ്യാഴാഴ്ച രാത്രി കൊണ്ടുവന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. പത്തരയ്‌ക്ക് തൃപ്പൂണിത്തുറ പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ചു.
ഐശ്വര്യയുടെ മൃതദേഹം വ്യാഴാഴ്ച രാത്രി ഇടപ്പള്ളിയിലെ വീട്ടിൽ എത്തിച്ചിരുന്നു. ബംഗളൂരുവിൽ ഐ.ടി കമ്പനി ഉദ്യോഗസ്ഥയായ ഐശ്വര്യ കൂട്ടുകാർക്കൊപ്പം കൂടാനാണ് കൊച്ചിയിലേക്ക് തിരിച്ചത്. ഇന്നലെ ആ സുഹൃദ്സംഘം അവൾക്ക് യാത്രാമൊഴി ചൊല്ലുമ്പോൾ എല്ലാ നിയന്ത്രണവും വിട്ട് പൊട്ടിക്കരഞ്ഞു.
തിരുവാണിയൂർ ശാന്തിതീരം പൊതുശ്മശാനത്തിലായിരുന്നു ശിവശങ്കരന്റെ സംസ്കാരം. ബംഗളൂരുവിൽ ഐ.ടി ഉദ്യോഗസ്ഥനായിരുന്നു. അങ്കമാലി സ്വദേശി ജിസ്‌മോന്റെ സംസ്കാരം തുറവൂർ മാർ അഗസ്‌റ്റ്യൻ പള്ളി സെമിത്തേരിയിലും എം.സി. മാത്യുവിന്റേത് അങ്കമാലി സെന്റ് ജോർജ് ബസിലിക്ക പള്ളി സെമിത്തേരിയിലും നടത്തി.
തൃശൂർ: ചിയ്യാരം ചിറ്റിലപ്പിള്ളി ജോഫി പോളിനെ (30) വിജയപുരം പള്ളിയിലും അരിമ്പൂർ കൊള്ളന്നൂർ യേശുദാസിനെ (37) എറവ് കപ്പൽപ്പള്ളിയിലും എയ്യാൽ കൊള്ളന്നൂർ വീട്ടിൽ അനുവിനെ (22) എയ്യാൽ പള്ളിയിലും സംസ്‌കരിച്ചു. ചിറ്റിലപ്പിള്ളി കുറവങ്ങാട്ട് വീട്ടിൽ ഹനീഷിന് (25) പാറമേക്കാവ് ശാന്തിഘട്ടിലായിരുന്നു അന്ത്യനിദ്ര. അണ്ടത്തോട് കല്ലുവളപ്പിൽ വീട്ടിൽ നസീഫ് മുഹമ്മദലിയുടെ (24) കബറടക്കം പുലർച്ചെ നടന്നു.
മന്ത്രിമാരായ എ.സി. മൊയ്തീൻ, സി. രവീന്ദ്രനാഥ്, ജില്ലാ കളക്ടർ എസ്. ഷാനവാസ് തുടങ്ങിയവർ മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തി.
കല്ലൂർ സ്വദേശി കിരൺകുമാർ (33), തൃക്കൂർ മഠത്തിൽ മാനസി മണികണ്ഠൻ (21) എന്നിവരുടെ മൃതദേഹം ബംഗളൂരുവിൽ സംസ്‌കരിച്ചു.
പാലക്കാട്: പാലക്കാട് ജില്ലക്കാരായ റോസ്‌ലി (61), രാഗേഷ് (35), ശിവകുമാർ (35) എന്നിവരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച രാത്രി എട്ടരയോടെ തന്നെ വീടുകളിലെത്തിച്ചിരുന്നു. ചന്ദ്രനഗർ ശാന്തി കോളനി നയങ്കര വീട്ടിൽ റോസിലിയെ ഇന്നലെ 11ന് യാക്കര സെമിത്തേരിയിൽ സംസ്‌കരിച്ചു. സൗദിയിലുള്ള മകൻ സണ്ണി ഇന്നലെ പുലർച്ചെ നാട്ടിലെത്തിയിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ് പാലക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മരുമകൾ സോന.
ശ്രീകൃഷ്ണപുരം മംഗലാംകുന്ന് പുളിഞ്ചിറ ഉദയ നിവാസിൽ ശിവകുമാറിന്റെ മൃതദേഹം ഇന്നലെ രാവിലെ 11ന് തിരുവില്വാമല ഐവർ മഠത്തിലും ചെമ്പ്ര ആലിൻചോട് സ്വദേശി രാഗേഷിന്റെ മൃതദേഹം രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്തും സംസ്‌കരിച്ചു.
വി.കെ.ശ്രീകണ്ഠൻ എം.പി, എം.എൽ.എമാരായ ഷാഫി പറമ്പിൽ, വി.ടി.ബൽറാം, പി.കെ.ശശി, മുൻ എം.പിമാരായ എൻ.എൻ.കൃഷ്ണദാസ്, എം.ബി.രാജേഷ്, മുൻ എം.എൽ.എ സി.പി.മുഹമ്മദ് തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
പയ്യന്നൂർ സ്വദേശി സനൂപിന്റെ (29) സംസ്കാരം ഇന്നലെ രാവിലെ 11.30ന് പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് പരിസരത്തെ സമുദായ ശ്മശാനത്തിൽ നടത്തി.