ഭോപ്പാൽ: അടിയന്തരാവസ്ഥ കാലത്തെ ഓർമപ്പെടുത്തി മദ്ധ്യപ്രദേശിൽ കമൽനാഥ് സർക്കാരിന്റെ പുതിയ ഉത്തരവ്. മാർച്ച് അവസാനം ഒാരോ ആരോഗ്യ പ്രവർത്തകരും ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിക്കണമെന്നും അതല്ലെങ്കിൽ നിർബന്ധിത വിരമിക്കലിന് തയ്യാറാകണമെന്നുമാണ് ഉത്തരവിലുള്ളത്.

സംസ്ഥാനത്ത് വന്ധ്യംകരണത്തിന് വിധേയരാകുന്ന പുരുഷന്മാരുടെ എണ്ണം വളരെ കുറഞ്ഞതോടെ ഫെബ്രുവരി 11ന് മദ്ധ്യപ്രദേശ് നാഷണൽ ഹെൽത്ത് മിഷൻ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

കുടുംബാസൂത്രണ പദ്ധതി പ്രകാരം അഞ്ച് മുതൽ 10 വരെ പുരുഷന്മാരുടെ വന്ധ്യംകരണം ഉറപ്പുവരുത്തേണ്ടത് ഓരോ ആരോഗ്യപ്രവർത്തകന്റെയും ഉത്തരവാദിത്വമാണ്.
ഇതിനായി നിശ്ചിത ടാർഗെറ്റും ഇവർക്ക് നൽകിയിട്ടുണ്ട്. ഇതുപ്രകാരം 2019-20 കാലയളവിൽ ഒരാളെ പോലും വന്ധ്യംകരണത്തിന് വിധേയരാക്കാൻ സാധിക്കാത്തവരുടെ ഒരുമാസത്തെ ശമ്പളം പിടിച്ചുവയ്ക്കും. അല്ലെങ്കിൽ നിർബന്ധിത വിരമിക്കലിന് തയ്യാറാകാനുമാണ് എൻ.എച്ച്.എം ഡയറക്ടർ പുറത്തിറക്കിയിരിക്കുന്ന ഉത്തരവിൽ പറയുന്നത്. മേലുദ്യോഗസ്ഥരോട് മോശം പ്രകടനം കാഴ്ചവച്ചവരുടെ പേരുവിവരങ്ങൾ കണ്ടെത്താനും അവരുടെ ശമ്പളം പിടിച്ചുവയ്ക്കാനും നിർദേശമുണ്ട്. ഇവരുടെ പേര് നിർബന്ധിത വിരമിക്കിലിനായി നിർദേശിക്കുമെന്നും വിഞ്ജാപനത്തിൽ പറയുന്നു.
ദേശീയ കുടുംബാരോഗ്യ സർവേ 4 പ്രകാരം 0.5 ശതമാനം പുരുഷന്മാർ മാത്രമാണ് മദ്ധ്യപ്രദേശിൽ വന്ധ്യംകരണത്തിന് വിധേയരായിട്ടുള്ളത്.