കൊച്ചി: ആഭരണ പ്രിയരെ നൊമ്പരപ്പെടുത്തി പൊന്നിൻ വിലയുടെ മുന്നേറ്റം. കേരളത്തിൽ പവൻ വില ഇന്നലെ 31,000 രൂപ കടന്നു. ഇന്നലെ മാത്രം 400 രൂപയാണ് പവന് കൂടിയത്. ഈമാസം അഞ്ചിന് പവന് 29,920 രൂപയായിരുന്നു വില. ഇന്നലെ 31,280 രൂപ. ഇക്കാലയളവിൽ ഗ്രാം വില 170 രൂപ വർദ്ധിച്ചിച്ച് 3,910 രൂപയിലെത്തി. ഇന്നലെ മാത്രം ഗ്രാമിന് 50 രൂപ കൂടി.
2020ൽ ഇതുവരെ പവന് കൂടിയത് 2,200 രൂപയാണ്. ഒരുവർഷത്തിനിടെ ഉണ്ടായ വർദ്ധന 7,560 രൂപ. രാജ്യാന്തര സ്വർണവില ഇന്നലെ ഏഴു വർഷത്തെ ഉയരമായ 1,626 ഡോളറിലാണുള്ളത്. ഇതു വൈകാതെ 1,700 ഡോളറിൽ എത്തിയേക്കാം. അങ്ങനെയെങ്കിൽ കേരളത്തിൽ ഗ്രാം വില 4,000 രൂപ കടക്കും. പവന് കുറഞ്ഞത് 32,000 രൂപ പ്രതീക്ഷിക്കാം.
ഉത്തേജക വൈറസ്
കൊറോണ വൈറസ് ആഗോള സമ്പദ്‌മേഖലയെ തളർത്തുകയാണെങ്കിലും സ്വർണത്തിനത് ഉത്തേജകമാണ്. ആഗോള ഓഹരി - കടപ്പത്ര വിപണികളിൽ നിന്ന് നിക്ഷേപം വൻതോതിൽ ഇടിയുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് കൂടുന്നു. കൊറോണ ഭീതി ഒഴിഞ്ഞ്, ചൈന സാധാരണ നിലയിൽ എത്തുംവരെ ഈ സ്ഥിതി തുടർന്നേക്കും.