തിരുവനന്തപുരം: പ്രധാനമന്ത്രി ഫസൽ ഭീമാ യോജന (കർഷക ഇൻഷുറൻസ്) പദ്ധതിയുടെ കേന്ദ്ര സർക്കാർ വിഹിതം പകുതിയായി വെട്ടിക്കുറച്ച കർഷകദ്രോഹ നടപടിയിൽ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം പ്രതിഷേധിച്ചു.
കർഷകർ പദ്ധതിയിൽ അടയ്ക്കേണ്ട വിഹിതം രണ്ടു ശതമാനത്തിൽ നിന്ന് 27 ശതമാനമായി വർദ്ധിപ്പിച്ച നടപടി കർഷകവിരുദ്ധമാണ്. കർഷകർക്ക് താത്പര്യമുണ്ടെങ്കിൽ മാത്രം അംഗമായാൽ മതിയെന്ന നിർദ്ദേശം
കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയുടെ പ്രയോജനം ഇല്ലാതാക്കുന്നതാണെന്ന് യോഗം വിലയിരുത്തി.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ 10.6 ലക്ഷം കർഷകരിൽ നിന്ന് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ പിരിച്ചെടുത്തത് 49,000 കോടി രൂപയാണ്. നഷ്ടപരിഹാരമായി നൽകിയതാകട്ടെ 33,000 കോടി രൂപയും 16,000 കോടി രൂപ ഇൻഷുറൻസ് കമ്പനികൾ തട്ടിയെടുത്തു. കർഷക ഇൻഷുറൻസ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടാകണമെന്ന് പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് പ്രമേയത്തിൽ അഭ്യർത്ഥിച്ചു. കെ.പി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി, കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.