സിഡ്നി: കൈവിട്ടെന്ന് കരുതിയ കളി തിരിച്ച് പിടിച്ച് വനിത ട്വന്റി-20 ലോകകപ്പിൽ ഇന്ത്യൻ പെൺപട തുടക്കം ഗംഭീരമാക്കി. നിലവിലെ ലോകചാമ്പ്യൻമാരും ആതിഥേയരുമായ ആസ്ട്രേലിയക്കെതിരെ ഒരുഘട്ടത്തിൽ കൈയിൽ നിന്ന് പോയ കളി പൂനം യാദവിന്റെ മാജിക്കൽ സ്‌പെലിന്റെ മികവിൽ ഇന്ത്യ കൈപ്പിടിയിലാക്കുകയായിരുന്നു. 17 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്ര് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് നേടി. മറുപടിക്കിറങ്ങിയ ആസ്ട്രേലിയ 19.5 ഓവറിൽ 115 റൺസിന് ആൾഔട്ടാവുകയായിരുന്നു.
വെൽഡൺ ടീം ഇന്ത്യ
അലിസ ഹീലിയുടെ (35 പന്തിൽ 51) നേതൃത്വത്തിൽ വിജയത്തിലേക്ക് അടിച്ചെത്തുകയായിരുന്ന ഓസീസിനെ തന്റെ ലെഗ് സ്‌പിന്നിന് മുന്നിൽ വട്ടം കറക്കി വീഴ്ത്തിയ പൂനമാണ് ഇന്ത്യയുടെ വിജയ ശില്പി. 4 ഓവറിൽ 19 റൺസ് മാത്രം വിട്ടു നൽകി 4 വിക്കറ്ര് വീഴ്ത്തിയ പൂനം തന്നെയാണ് കളിയിലെ താരവും. 3 വിക്കറ്രുമായി പൂനത്തിന് മികച്ച പിന്തുണ നൽകിയ ശിഖാ പാണ്ഡെ, ബാറ്രിംഗിലും ബൗളിംഗിലും തിളങ്ങിയ ദീപ്തി ശർമ്മ (പുറത്താകാതെ 49), സ്ഫോടനാത്മക തുടക്കം സമ്മാനിച്ച പതിനാറുകാരി ഷഫാലി വർമ്മ (11 പന്തിൽ 29), ബാറ്റിംഗിലും ഫീൽഡിംഗിലും തിളങ്ങിയ ജെമെയ്‌മ റോഡ്രിഗസ്, വിക്കറ്റിന് പിന്നിൽ മിന്നും പ്രകടനം പുറത്തെടുത്ത താനിയ ഭാട്ടിയ, ബാറ്രിംഗിൽ പാളിയെങ്കിലും നിർണായക ബോളിംഗ് ചേയ്ഞ്ചുകളും കൃത്യമായ ഫീൽഡിംഗ് പ്ലേസ്‌മെന്റുകളുമായി മുന്നിൽ നിന്ന് നയിച്ച ക്യാപ്ടൻ ഹർമ്മൻ പ്രീത് കൗർ...ഒത്തുപിടിച്ചാൽ മലയും പോരും എന്ന് സിഡ്‌നി ഷോഗ്രൗണ്ട് സ്റ്റേഡിയത്തിൽ തെളിയിക്കുകയായിരുന്നു കംഗാരുക്കളെ കൂട്ടിലടച്ച പ്രകടനത്തോടെ ഇന്നലെ ടീം ഇന്ത്യ.
നമ്മുടെ ടീം ഏറെ മാറി, നേരത്തേ ഒന്നോ രണ്ടോ താരങ്ങളുടെ പ്രകടനത്തെ ആശ്രയിച്ചിരുന്നതിൽ നിന്ന് ഒരു ടീമെന്ന നിലയിലേക്ക് ഉയരാൻ നമുക്കായി എന്ന ഹർമ്മൻ പ്രീത് കൗറിന്റെ വാക്കുകൾ വ്യക്തമാക്കുന്നത് ടീം ഇന്ത്യയുടെ സംഘ ശക്തിയാണ്.
മികച്ച തുടക്കം പതിഞ്ഞ ഫിനിഷ്
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഷഫാലിയും സ്മൃതി മന്ദാനയും (10) മികച്ച തുടക്കമാണ് നൽകിയത്. എല്ലിസ് പെറി എറിഞ്ഞ രണ്ടാം ഓവറിൽ 2 ഫോറടിച്ച് സ്‌മൃതിയാണ് ആക്രമണത്തിന് തുടക്കമിട്ടതെങ്കിലും പിന്നീട് ഷഫാലി കടിഞ്ഞാൺ ഏറ്രെുടക്കുകയായിരുന്നു. മോളി സ്ട്രാനോ എറിഞ്ഞ മൂന്നാം ഓവറിൽ ഒരു സിക്സും ഫോറും നേടിയ ഷഫാലി മെഗാൻ ഷട്ട് എറിഞ്ഞ അടുത്ത ഓവറിൽ 4 ഫോറുകളുമായി കത്തിക്കയറി.
4 ഓവറിൽ ഇന്ത്യ 40 റൺസിൽ എത്തിയിരുന്നു. എന്നാൽ അഞ്ചാം ഓവറിൽ മന്ദാനയെ ജസ് ജോനാസൻ എൽബിയിലും തൊട്ടടുത്ത ഓവറിൽ ഷഫാലിയെ എലിസ് പെറി സതർലാനഡിന്റെ കൈയിലും ഒതുക്കിയതോടെ ഇന്ത്യയുടെ സ്കോറിംഗ് വേഗം കുറയുകയായിരുന്നു. ഷഫാലി 5 ഫോറും 1 സിക്സും നേടി. 7-ാം ഓവറിൽ ഹർമ്മൻ പ്രീതിനെ (2) ജെസിന്റെ പന്തിൽ അലിസ സ്റ്റമ്പ് ചെയ്തതോടെ ഇന്ത്യ പ്രതിസന്ധിയിലാവുകയായിരുന്നു. തുടർന്ന് ജെമെയ്മയും ദീപ്തിയും വിക്കറ്ര് കളയാതെ വലിയ തകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റി. ഇരുവരും 53 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ശ്രദ്ധയോടെ ബാറ്റ് ചെയ്തതിനാൽ വലിയ ടോട്ടലിലേക്കെത്താൻ ഇന്ത്യയ്ക്കായില്ല. അവസാന ഓവറുകളിൽ നന്നായി ബാൾ ചെയ്ത ഓസീസ് താരങ്ങൾ ഇന്ത്യയെ ബൗണ്ടറി നേടാൻ സമ്മതിച്ചുമില്ല.
പൂനം ട്രിക്ക്
മറുപടിക്കിറങ്ങിയ ആസ്ട്രേലിയയും നന്നായി തുടങ്ങി. ടീം സ്കോർ 32ൽ വച്ച് ബേഥ് മൂണിയുടെ (6) വിക്കറ്റാണ് അവർക്ക് ആദ്യം നഷ്ടമായത്. ശഖ പാണ്ഡെയുടെ പന്തിൽ രാജേശ്വരി ഗെയ്ക് വാദാണ് ക്യാച്ചെടുത്തത്. തുടർന്നെത്തിയ ഓസീസ് ക്യാപ്ടൻ മെഗ് ലാന്നിംഗ്, അലിസ ഹീലിക്കൊപ്പം ടീമിനെ അമ്പത് കടത്തിയെങ്കിലും അതിന് ശേഷം അധികം വൈകാതെ ലാന്നിംഗിനെ രാജേശ്വരി വിക്കറ്ര് കീപ്പർ താനിയയുടെ കൈയിൽ ഒതുക്കി. തുടർന്നായിരുന്നു പൂനത്തിന്റെ വിസ്മയ പ്രകടനം. തന്റെ ആദ്യ ഓവറിൽ സിക്സടിച്ച് അർദ്ധ സെഞ്ചുറി പൂർത്തിയാക്കിയ ഹീലിയെ തൊട്ടടുത്ത പന്തിൽ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കിയാണ് പൂനം വിക്കറ്റ് വേട്ട തുടങ്ങിയത്. 6 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് ഹീലിയുടെ ഇന്നിംഗ്സ്. പിന്നീട് റേച്ചൽ ഹെയ്ൻസ് (6), എലീസ് പെറി (0) എന്നിവരെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കി പൂനം ആഞ്ഞടിച്ചതോടെ ഓസീസ് 76/5 എന്ന നിലയിലായി. പിന്നാലെ ജെസ് ജോനാസിനെ (2) രജത് ഭാട്ടിയയുടെ കൈയിൽ ഒതുക്കി പൂനം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഒരറ്രത്ത് വിക്കറ്രുകൾ പൊഴിഞ്ഞു കൊണ്ടിരിക്കുമ്പോഴും മറുവശത്ത് പിടിച്ചു നിന്ന ആഷ്ലെയ്ഗ് ഗാർഡ്നർ (34) പൊരുതി നോക്കിയെങ്കിലും ഇന്ത്യ വെല്ലുവിളി മറികടക്കാൻ അതുപോരായിരുന്നു.