തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ രണ്ടാംഘട്ട പ്രക്ഷോഭം നടത്താൻ എൽ.ഡി.എഫ് തീരുമാനിച്ചു. മാർച്ച് 10 മുതൽ 20 വരെ പഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിൽ ഗൃഹസന്ദർശനവും തുടർന്ന് കുടുംബ സദസ്സുകളും സംഘടിപ്പിക്കും. മാർച്ച് 23ന് ഭഗത് സിംഗ് ദിനത്തിൽ തദ്ദേശസ്വയംഭരണ കേന്ദ്രങ്ങളിൽ ഭരണഘടനാസംരക്ഷണ സദസ് സംഘടിപ്പിക്കും. മനുഷ്യമഹാശൃംഖലയിൽ പങ്കെടുത്ത എൽ.ഡി.എഫുകാരല്ലാത്തവരെ ഈ പരിപാടികളിൽ പങ്കെടുപ്പിക്കും.

പൗരത്വനിയമത്തിനെതിരെ യോജിച്ച സമരം നടത്തണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം തള്ളി യു.ഡി.എഫ് മാറിനിൽക്കുകയാണെന്ന് വിജയരാഘവൻ പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള സംഘപരിവാർ നീക്കത്തിനിടയിലെ യു.ഡി.എഫിന്റെ ഭിന്നിപ്പിക്കൽ നയം അംഗീകരിക്കാൻ കഴിയില്ല. ജമാഅത്തെ ഇസ്‌ലാമിയുമായി ചേർന്ന് വർഗീയ രാഷ്ട്രീയം കളിക്കാനാണ് ശ്രമിക്കുന്നത്. പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്താനുള്ള ആഹ്വാനം അപകടകരമാണ്.

പൊലീസ് വകുപ്പിനെതിരായ സി.എ.ജി റിപ്പോർട്ട് ചോർന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. നിയമസഭയിൽ വച്ച റിപ്പോർട്ടിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടത് അക്കൗണ്ടന്റ് ജനറലിന്റെ ഉത്തരവാദിത്വമാണ്. യു.ഡി.എഫ് നേതാക്കൾക്കെതിരായ അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടക്കുന്നതിൽ രാഷ്ട്രീയ താത്പപര്യമില്ലെന്നും കൺവീനർ പറഞ്ഞു.