ss

വിഴിഞ്ഞം: കൂറ്റൻ പുളി മരത്തിൽ കയറിയ യുവാവ് ശാരീരിക അസ്വസ്ഥതയെ തുടർന്ന് മരത്തിൽ കുടുങ്ങി. മുല്ലൂർ ചെറിയ കുഴിയംവിള മേക്കരുകത്ത് വീട്ടിൽ രാജീവനെയാണ് (27) ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. കിടാരക്കുഴി ചേനവിള വീട്ടിൽ സതീഷ് കുമാറിന്റെ വീടിന് സമീപത്തെ പുളിമരത്തിലാണ് രാജീവൻ കയറിയത്. ഉയരെ എത്തിയ ശേഷം കൈകാലുകൾ തളർന്ന് അവശനിലയിലായ രാജീവൻ താഴെ ഇറങ്ങാൻ സഹായം തേടി. അപകടം മനസിലാക്കിയ സ്ഥലം ഉടമ എറിഞ്ഞുകൊടുത്ത കയർ ഉപയോഗിച്ച് രാജീവൻ സ്വയം മരത്തിൽ ബന്ധിച്ചതിനാൽ താഴെ വീഴാതെ പിടിച്ചിരുന്നു. വിവരമറിഞ്ഞ് വിഴിഞ്ഞം ഫയർസ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തിയെങ്കിലും വളരെ ഉയരത്തിൽ യുവാവ് കുടുങ്ങിയതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. സീനിയർ ഫയർമാൻ രാജശേഖരൻ നായർ, എം.എസ്. ഹരി പ്രസാദ്, വി.ആർ. അരുൺകുമാർ എന്നിവർ ചേർന്ന് ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ വലയുടെ സഹായത്തോടെ യുവാവിനെ താഴെയിറക്കി. സ്റ്റേഷൻ ഓഫീസർ രാമമൂർത്തി,​ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രവീന്ദ്രൻ, ഫയർമാന്മാരായ മോഹനൻ, അഭിലാഷ് ,വൈജേന്ദ്രകുമാർ, സജികുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.