വേനൽക്കാലം തുടങ്ങിയതോടെ പഴങ്ങൾക്കും പഴച്ചാറുകൾക്കും ഡിമാൻഡ് കൂടി. കടുത്ത ചൂടിനെ തണുപ്പിക്കാൻ പഴങ്ങളും പഴച്ചാറുകളും ഉളനീരും ഉപയോഗിക്കുന്നത് നല്ലതാണ്. ഓരോ കാലത്തും ലഭ്യമായ പഴങ്ങൾ ആണ് കഴിക്കേണ്ടത്. വേനൽക്കാലത്ത് ലഭ്യമായ ഈ അഞ്ചുപഴങ്ങൾ കഴിക്കുന്നത് ശരീരത്തിന് തണുപ്പ് നൽകുന്നതിനൊപ്പം ആരോഗ്യസംരക്ഷണത്തിനും മികച്ച ഫലം നൽകും
94 ശതമാനവും വെള്ളം അടങ്ങിയ തണ്ണിമത്തനാണ് വേനൽക്കാലത്ത് കഴിക്കാൻ അത്യുത്തമം. വേനൽക്കാലത്ത് കഴിക്കാൻ ഇതിലും മികച്ച പഴം ഇല്ല. പൊട്ടാസ്യം, ജീവകം എ, ജീവകം സി ഇവയുടെ കലവറയാണ് തണ്ണിമത്തൻ. കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന ലൈക്കോപീൻ ധാരാളമുള്ള തണ്ണിമത്തൻ ഹൃദയാരോഗ്യവുമേകുന്നു.
പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴം പോഷകസമ്പുശ്ചവും ആരോഗ്യദായകവുമാണ്. ജീവകം സി, ജീവകം എ, ജീവകം ബി 6, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പർ തുടങ്ങിയവയെല്ലാം മാമ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ദഹനത്തിനു സഹായിക്കുന്നതു മുതൽ അര്‍ബുദം തടയാൻ വരെ മാമ്പഴത്തിനു കഴിയും.
ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് മൾബറിപ്പഴങ്ങൾ. ആന്റിഓക്സിഡന്റായ ആന്തോസയാനിൻ, അർബുദം പ്രതിരോധിക്കുന്ന റെസ്‌വെറാട്രോൾ ഇവയും മൾബറിയിലുണ്ട്. ജീവകം സി ധാരാളം അടങ്ങിയ മൾബറി ദഹനത്തിനും സഹായിക്കും.
ഇരുമ്പ്, കാൽസ്യം, ജീവകം സി ഇവ ധാരാളം അടങ്ങിയ ഞാവൽപ്പഴം വേൽക്കാലത്തു കഴിക്കാൻ പറ്റിയ പഴമാണ്. രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു, കണ്ണിനും ഹൃദയത്തിനും ഞാവൽപ്പഴം മികച്ച ഔഷധം കൂടിയാണ്.
മസ്ക് മെലൺ എന്ന തയ്ക്കുമ്പളം ഈ വേനൽക്കാലത്തു കഴിക്കാൻ യോജിച്ച പഴമാണ്. ജീവകം സി ധാരാളം അടങ്ങിയ തയ്ക്കുമ്പളം സാലഡിൽ ചേർത്തും ഷേക്ക് രൂപത്തിലും കഴിക്കാം.