kohli

വെല്ലിംഗ്ടൺ: പേടിച്ചതുപോലെ തന്നെ സംഭവിച്ചു. പുല്ലു നിറഞ്ഞ വെല്ലിംഗ്ടണിലെ പിച്ചിൽ നിറഞ്ഞാടിയ ന്യൂസിലൻഡ് പേസർമാർക്ക് മുന്നിൽ ഇന്ത്യയുടെ മുൻ നിര തകർന്നു. മഴമൂലം ഒന്നാം ദിനത്തെ മത്സരം നേരത്തേ നിറുത്തുമ്പോൾ 122/5 എന്ന നിലയിലാണ് ഇന്ത്യ. 55 ഓവറെ ഇന്നലെ മത്സരം നടന്നുള്ളൂ. അജിങ്ക്യ രഹാനെ (38), റിഷഭ് പന്ത് (10) എന്നിവരാണ് ക്രീസിൽ. അരങ്ങേറ്രം ഗംഭീരമാക്കിയ കിവീസ് യുവപേസർ കെയ്ൽ ജാമിസണാണ് ഇന്ത്യൻ നിരയിൽ ഏറ്രവും നാശം വിതച്ചത്. ജാമിസൺ ഇതുവരെ മൂന്ന് വിക്കറ്ര് നേടിക്കഴിഞ്ഞു. ട്രെൻഡ് ബൗൾട്ട്, ടിം സൗത്തി എന്നിവർ ഓരോ വിക്കറ്ര് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്രിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് നന്നായി തുടങ്ങിയ പ്രിഥ്വി ഷായുടെ (16) വിക്കറ്രാണ് ആദ്യം നഷ്ടമായത്. ഷായെ സൗത്തി ക്ലീൻബൗൾഡാക്കുകയായിരുന്നു. വിശ്വസ്തനായ ചേതേശ്വർ പുജാരയ്ക്കും (11) കിവി പേസ് ആക്രമണത്തിന് മുന്നിൽ പിഴച്ചു. ജാമിസണിന്റെ കന്നി ടെസ്റ്റ് വിക്കറ്രായി പുജാര തിരിച്ച് കൂടാരം കയറി. വിക്കറ്ര് കീപ്പർ വാൾട്ടിംഗാണ് ക്യാച്ചെടുത്തത്. നായകൻ വിരാട് കൊഹ്‌ലിയും (2) ജാമിസണ് വിക്കറ്റ് നൽകി വന്ന പോലെ മടങ്ങി. റോസ് ടെയ്ലറാണ് ക്യാച്ചെടുത്തത്. തുടർന്ന് രഹാനെയും അഗർവാളും വിക്കറ്ര് നഷ്ടപ്പെടുത്താതെ കുറച്ച് നേരം പിടിച്ചു നിന്നെങ്കിലും അഗർവാളിനെ ജാമിസണിന്റെ കൈയിൽ എത്തിച്ച് ബൗൾട്ട് കൂട്ടുകെട്ട് പൊളിച്ചു. ജാമിസണാണ് ക്യച്ച്. 5 ഫോറുൾപ്പെട്ടതായിരുന്നു മായങ്കിന്റെ ഇന്നിംഗ്സ്.

സന്നാഹത്തിൽ സെ‌ഞ്ച്വറി നേടിയ ഹനുമ വിഹാരിക്ക് (7) പക്ഷേ ഇന്നലെ ആമികവ് പുറത്തെടുക്കാനായില്ല. ജാമിസണിന്റെ പന്തിൽ വാട്ട്‌ലിംഗിന് ക്യാച്ച് നൽകി വിഹാരിയും മടങ്ങി.

സാഹയ്ക്ക് പകരം റിഷഭ് പന്തിനെയാണ് ഇന്ത്യ വിക്കറ്ര് കീപ്പറാക്കിയത്. എന്നാൽ ഇതിനെതിരെ കടുത്ത വിമർശനമാണ് നാല് പാടു നിന്നും ഉയർന്നത്. നേരത്തെ ശുഭ്മാൻ ഗില്ലിനെ ഓപ്പണറാക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഒടുവിഷ പ്രിഥ്വിക്ക് തന്നെ നറുക്ക് വീഴുകയായിരുന്നു.