കുളത്തൂർ: ലക്ഷദീപ പ്രഭയിൽ തിളങ്ങിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ ഇന്നലെ നൂറുകണക്കിന് ഭക്തജനങ്ങൾ ദർശനം നടത്തി. ക്ഷേത്രത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ ഒരു ലക്ഷത്തിലധികം മൺചിരാതുകളിൽ തിരിതെളിഞ്ഞതോടെ ക്ഷേത്ര പരിസരം ഭക്തിസാന്ദ്രമായി മാറി.
ശ്രീകോവിലിനും നാലമ്പലത്തിനും ചുറ്റുമുള്ള കൽവിളക്കുകളിലും ശ്രീനാരായണ ആശ്രമത്തിനും ഗണപതി ക്ഷേത്രത്തിന് മുന്നിലും ഗുരുമന്ദിരത്തിനു മുന്നിലും മൈതാനത്തിലും അരയാലുകൾക്ക് ചുറ്റിലും പ്രത്യേകം തയ്യാറാക്കിയ സ്റ്റാൻഡുകളിൽ സ്ഥാപിച്ച മൺചിരാതുകളിലാണ് നൂറുകണക്കിന് ഭക്തരുടെ നേതൃത്വത്തിൽ തിരിതെളിച്ചത്. വൈകിട്ട് 6.30 ന് ശിവക്ഷേത്രത്തിന് മുന്നിലെ ആട്ടവിളക്കിൽ വിശിഷ്ട വ്യക്തികളുടെ നേതൃത്വത്തിൽ ആദ്യ തിരിതെളിച്ചതോടെയാണ് പ്രസിദ്ധമായ കോലത്തുകര ലക്ഷദീപത്തിന് തുടക്കമായത്.
തുടർന്ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ മേടയിൽ വിക്രമൻ അദ്ധ്യക്ഷനായ ചടങ്ങിൽ ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. കൗൺസിലർമാരായ ഐ.പി. ബിനു, ശിവദത്ത്, പ്രതിഭ ജയകുമാർ, സുനിചന്ദ്രൻ, കേരളകൗമുദി യൂണിറ്റ് ചീഫ് കെ. അജിത്കുമാർ, മാതൃഭൂമി സ്പെഷ്യൽ കറസ്പോണ്ടന്റ് കെ.എസ്. വിപിനചന്ദ്രൻ, കോൺഗ്രസ് ജില്ലാ കമ്മറ്റിയംഗം ആർ. അജയകുമാർ, ക്ഷേത്ര സമാജം സെക്രട്ടറി എസ്. സതീഷ്ബാബു തുടങ്ങിയവർ സംസാരിച്ചു. കോലത്തുകര ക്ഷേത്ര സമാജം പ്രസിഡന്റ് എൻ. തുളസീധരൻ സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ. എസ്. സതികുമാർ നന്ദിയും പറഞ്ഞു.