തിരുവനന്തപുരം: സർക്കാർ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ കോയമ്പത്തൂർ അവിനാശിയിൽ സംഭവിച്ച ദുരന്തം നമ്മുടെ തലസ്ഥാനത്തും ഉണ്ടായേക്കാം. തിരുവല്ലം ജംഗ്ഷനിലേക്കാണ് അധികാരികളുടെ കണ്ണുതുറന്നു നോക്കേണ്ടത്. ബൈപാസ് വികസനം വന്നതോടെ അപകട മുനമ്പായി മാറിയിരിക്കുകയാണ് തിരുവല്ലം. ഈ ഭാഗത്ത് ബൈപാസ് നിർമ്മാണം പൂർത്തിയായ ശേഷം അതിനനുസരിച്ച് ഗതാഗത ക്രമീകരണം നടത്താത്തതാണ് അപകടഭീഷണിക്ക് കാരണം. ഒരു വശത്തേക്കു മാത്രം വാഹനയാത്ര അനുവദിച്ചിരിക്കുന്ന ബൈപാസിൽ ഇരുവശത്തുമായി വാഹനങ്ങൾ പായുകയാണ്. കോവളം ഭാഗത്തു നിന്നും ബൈപാസിലൂടെ നഗരത്തിലേക്കു പോകുന്ന വാഹനങ്ങൾ ബൈപാസിന്റെ പുതിയ പാലം കയറിയിറങ്ങി വേണം പോകാൻ.
എതിർവശത്തെ റോഡ് നഗരത്തിൽ നിന്നും കോവളം ഭാഗത്തേക്കു പോകാനുള്ള വാഹനങ്ങൾക്കുള്ളതാണ്. നാലുവരിപ്പാതയായതു കാരണം ഇരുവശത്തേക്കുമായി വാഹനങ്ങൾ ചീറിപ്പാഞ്ഞുപോകും. രാത്രിയും പുലർച്ചെയുമൊക്കെ ചീറിപ്പായുന്ന വാഹനങ്ങളുടെ കൂട്ടത്തിൽ കണ്ടെയ്നർ ലോറികളും ടൂറിസ്റ്റ് ബസുകളുമുണ്ട്.
അങ്ങനെയൊരു വൺവേ റോഡിലേക്ക് പെട്ടെന്ന് എതിർവശത്തു നിന്നു വാഹനങ്ങൾ വന്നാൽ വലിയൊരു അപകടം സംഭവിക്കും. ഭാഗ്യം കൊണ്ടു മാത്രമാണ് തിരുവല്ലത്ത് അപകടം ഇതുവരെയുണ്ടാകാത്തത്. ബൈപാസിൽ കോവളം ഭാഗത്തേക്കു പോകുന്ന റോഡിലേക്ക് എതിർവശത്തു നിന്നു വാഹനങ്ങൾ വന്നു കയറും. കിഴക്കേകോട്ട, അമ്പലത്തറ ഭാഗങ്ങളിലേക്ക് പോകേണ്ടവരാണ് ഇങ്ങനെ തെറ്റായി വണ്ടി ഓടിച്ചു പോകുന്നത്. ഈ തെറ്റിനെ തിരുത്തിക്കാൻ പൊലീസോ ഗതാഗതവകുപ്പ് അധികൃതരോ ദേശീയ പാതാ ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ല.
അപകടത്തിലേക്കുള്ള ടേൺ യു- ടേൺ പോയിന്റിൽ
അപകടം ഉണ്ടാക്കുന്ന വിധത്തിൽ വാഹനങ്ങൾ തെറ്റായ വശത്തേക്ക് തിരിയുന്നത് എതിരെ വരുന്ന വാഹനങ്ങൾക്ക് യു- ടേൺ എടുക്കേണ്ട സ്ഥലത്തുവച്ചാണ്. തിരുവല്ലം ജംഗ്ഷനിൽ നിന്നു ഏതാനും മീറ്റർ മാറി കോവളം റൂട്ടിലാണ് യു -ടേൺ പോയിന്റ്. ഇതേ പോയിന്റിൽ നിന്നാണ് വാഹനങ്ങൾക്ക് സർവീസ് റോഡിലേക്ക് കടക്കേണ്ടതും. ഒരു ശ്രദ്ധയുമില്ലാതെയാണ് വന്ന അതേ സ്പീഡിൽ ഇവിടെ നിന്നു വാഹനങ്ങൾ തെറ്റായ വശത്തേക്കു ഓടിച്ചു പോകുന്നത്. കോവളത്തു നിന്നും വിഴിഞ്ഞത്തു നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസുകളും ടൂറിസ്റ്റ് ബസുകളുമെല്ലാം ഇങ്ങനെ തെറ്റായ വശത്തുകൂടി വണ്ടിയോടിച്ചാണ് പഴയപാലത്തിലേക്കു കടക്കുന്നത്. ബൈപാസിൽ ചാക്ക ഭാഗത്തു നിന്നും പഴയ പാലം വഴി കോവളം ഭാഗത്തേക്കു പോകുന്ന വാഹനങ്ങളാണ് എതിരെ വരിക.
അല്ലെങ്കിലും തിരുവല്ലത്ത് ആകെ കൺഫ്യൂഷൻ
ബൈപാസ് പണി പൂർത്തിയതോടെ തിരുവല്ലത്തെ ട്രാഫിക് ആകെ കുഴപ്പത്തിലായി. നേരത്തെ തന്നെയുള്ള പി.ഡബ്ലിയു.ഡി റോഡുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പാലമാണ് അവിടെയുണ്ടായിരുന്നത്. നഗരത്തെയും തിരുവല്ലത്തെയും ബന്ധിപ്പിക്കുന്ന പാലത്തിലൂടെയായിരുന്നു നഗരത്തിലേക്ക് കോവളം, വിഴിഞ്ഞം, വെങ്ങാനൂർ, വെള്ളായണി, പുഞ്ചക്കരി, കരുമം ഭാഗങ്ങളിൽ നിന്നും ട്രാൻസ്പോർട്ട് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോയിരുന്നത്. ബൈപാസ് വന്നപ്പോഴും അതിനു മാറ്രമൊന്നും വന്നില്ല. അതിന് കാരണം ബൈപാസിനായി ഒരുവശത്തേക്കു മാത്രമേ പാലം നിർമ്മിച്ചുള്ളൂവെന്നതാണ്. മറുവശത്ത് നിലവിലുള്ള പാലം തന്നെ ഉപയോഗിച്ചു.
നേരത്തെ പാലത്തിലൂടെ രണ്ടു വശത്തേക്കും വാഹനങ്ങൾ കടത്തിവിട്ടിരുന്നു. ബൈപാസ് വൺവേ ട്രാഫിക് ഏർപ്പെടുത്തിയപ്പോഴും പാലത്തിൽ രണ്ടു ദിക്കിൽ നിന്നും വാഹനഗതാഗതം അനുവദിച്ചു. ഈ പാലം കടന്ന് ബൈപാസിലേക്കു വാഹനം ഓടിച്ചു പോകുന്നവരാണ് ചിലപ്പോൾ പെട്ടുപോകുന്നത്. ബൈപാസിൽ നിന്നും പഴയ റോഡിൽ നിന്നും വാഹനങ്ങൾ വരും. ഒന്നു പാളിയാൽ മതി വാഹനങ്ങൾ കൂട്ടിയിടിക്കാൻ. ഇങ്ങനെ കൂട്ടിയിടിച്ച് നിരവധി ചെറു അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
പരിഹാരം പുതിയ പാലം, പക്ഷേ, എന്ന് ?
പി.ഡബ്ല്യു.ഡി റോഡിനു വേണ്ടി പുതിയൊരു പാലം നിർമ്മിച്ച് ഗതാഗതം ക്രമീകരിക്കുകയാണ് പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം. ബൈപാസിന്റെ രൂപരേഖ തയ്യാറാക്കിയപ്പോൾ തന്നെ ബന്ധപ്പെട്ടവർ മറ്റൊരു പാലം കൂടി ഉൾക്കൊള്ളിച്ചിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ ഉണ്ടാകില്ലായിരുന്നു. പി.ഡബ്ല്യു.ഡി റോഡിന് പാലം വേണമെന്നതിന്റെ ആവശ്യകതയെക്കുറിച്ച് സെപ്തംബർ 21ന് സിറ്റികൗമുദിയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ഇപ്പോൾ സർവീസ് റോഡ് നിർമ്മിച്ചിരിക്കുന്ന ഭാഗത്ത് പാലം പണിയാൻ തീരുമാനം ഉണ്ടായതാണ്. എന്നാൽ ഇതുവരെ തീരുമാനം നടപ്പിലാക്കുന്നതിന്റെ നടപടികൾ തുടങ്ങിയിട്ടില്ല.
പരിഹാരമുണ്ട് അല്പം മെനക്കെടണം
1 യു-ടേൺ പോയിന്റിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കുക.അല്ലെങ്കിൽ പൊലീസിന്റെ സേവനം ഈ ഭാഗത്ത് ഉറപ്പാക്കുക
2 ഈ സർവീസ് റോഡ് വൺവേ ആണെന്നു ഉറപ്പാക്കുക.
3 അപ്പോഴും ബൈപാസിലേക്കു കടക്കുന്ന വാഹനങ്ങൾക്ക് റോഡിന്റെ വലതുവശത്തേക്ക് തിരിയേണ്ടി വരും. വേഗത നിയന്ത്രണമാണ് പോംവഴി.
4 കിഴക്കേകോട്ട, അമ്പലത്തറ, മണക്കാട് ഭാഗത്തേക്കു പോകാൻ ബൈപാസ് വഴി ചെന്ന് കുമരിച്ചന്ത വഴിയും പോകാം.
5 അപകട സാദ്ധ്യതാ മേഖലയിൽ പാർക്കിംഗ് നിയന്ത്രിക്കുക.