തിരുവനന്തപുരം : തലസ്ഥാനത്ത് പുതിയ മെഡിക്കൽ കോളേജ് ഒരുക്കാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പണിത ബഹുനില കെട്ടിടത്തിന് ശാപമോക്ഷം. നാലുവർഷമായി പൂട്ടിക്കിടക്കുന്ന കെട്ടിടത്തിൽ അപക്സ് ട്രോമ കെയർ ആൻഡ് ട്രെയിനിംഗ് സെന്റർ സജ്ജമാക്കുന്നു.
മെഡിക്കൽ കോളേജിനെ അപക്സ് ട്രോമ കെയർ ആൻഡ് ട്രെയിനിംഗ് സെന്ററാക്കി ഉയർത്തുന്നതിന്റെ ഭാഗമായാണ് ജനറൽ ആശുപത്രിക്കുള്ളിലെ കെട്ടിടത്തെ സെന്ററായി മാറ്റാൻ തീരുമാനിച്ചത്.
മെഡിക്കൽ കോളേജിൽ സ്ഥലപരിമിതിയുള്ളതിനാലാണ് ജനറൽ ആശുപത്രിക്കുള്ളിലെ പുതിയ കെട്ടിടത്തിൽ സെന്റർ ആരംഭിക്കാൻ തീരുമാനിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനും ആരോഗ്യ വകുപ്പിനും കീഴിലുള്ള ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്കും ഈ സെന്ററിലൂടെ പരിശീലനം നൽകും. ഭാവിയിൽ വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ, അദ്ധ്യാപകർ, പൊലീസ് എന്നിവർക്കും പരിശീലനം നൽകും. ആരോഗ്യ സർവകലാശാലയുടെ അംഗീകാരത്തോടെയുള്ള സർട്ടിഫിക്കറ്റായിരിക്കും നൽകുക. അത്യാധുനിക രീതിയിലുള്ള മികച്ച പരിശീലനം നൽകുന്ന കാർഡിയോളജി ആൻഡ് ആൻജിയോഗ്രാഫി സിമുലേഷൻ ട്രെയിനർ, സർജിക്കൽ സ്കിൽ ട്രെയിനർ എന്നിവയും സജ്ജമാക്കും. മികച്ച ട്രോമകെയർ സംവിധാനം മെഡിക്കൽ കോളേജിൽ ലഭ്യമാക്കുന്നതിനോടൊപ്പം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അപക്സ് ട്രെയിനിംഗ് സെന്റർ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച ധാരണാപത്രം ടാറ്റ ട്രസ്റ്റുമായി സർക്കാർ കഴിഞ്ഞ ജൂലായിൽ ഒപ്പിട്ടിരുന്നു.
കെട്ടിടത്തിന്റെ കഥ ഇങ്ങനെ
l 2016ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കെട്ടിടം നിർമ്മിച്ചു
l മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്
l ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും യോജിപ്പിച്ച് മെഡിക്കൽ കോളേജ് ആരംഭിക്കാനായിരുന്നു ശ്രമം
l ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് എന്ന പേരു നൽകി
l നൂറ് സീറ്റിലേക്കു പ്രവേശനം നൽകാൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം നൽകി
l സർക്കാർ മാറിയതോടെ മെഡിക്കൽകോളേജ് വേണ്ടെന്ന് തീരുമാനിച്ചു
l മികച്ച ചികിത്സാസൗകര്യവും കുട്ടികൾക്കുള്ള പഠന സൗകര്യവും നിലവിലുണ്ട്
24 കോടി
ആകെ 24 കോടിയാണ് ചെലവ്. ടാറ്റ കെയർ അനുവദിച്ച 12കോടി നൽകിയിട്ടുണ്ട്. ഇതിന് പുറമേ ബഡ്ജറ്റിൽ 12കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ഇന്ത്യയിലെ സർക്കാർ സംവിധാനത്തിൽ ഇതാദ്യമായാണ് ഇങ്ങനെയൊരു പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത്. ഗുണമേന്മയുള്ള സേവനങ്ങൾ ഉറപ്പു വരുത്താൻ ഈ ലോകോത്തര പരിശീലന കേന്ദ്രത്തിലൂടെ സാധിക്കും.
- കെ.കെ.ശൈലജ
ആരോഗ്യമന്ത്രി