തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളുടെ ബോർഡുകളിൽ എഴുതിയ സ്ഥലപ്പേരുകൾ തട്ടിത്തടയലുകളില്ലാതെ ആവേശത്തോടെയാണ് കുഞ്ഞുങ്ങൾ വായിച്ചത്. ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് മലയാളം പള്ളിക്കൂടം സംഘടിപ്പിച്ച ബസിന്റെ ബോർഡുകൾ വായിക്കൽ പരിപാടിയിൽ പങ്കെടുത്തത് നൂറോളം കുഞ്ഞുങ്ങളാണ്. തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നടന്ന പരിപാടിക്ക് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ നേതൃത്വം നൽകി.
മലയാളത്തിലെഴുതിയ ബസിന്റെ ബോർഡ് വായിക്കാൻ പോലുമറിയാത്ത ബിരുദ വിദ്യാർത്ഥികൾ നഗരത്തിലുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു. പള്ളിക്കൂടത്തിൽ നിന്ന് അക്ഷരദീപശിഖാ പ്രയാണമായാണ് വിദ്യാർത്ഥികൾ ബസ് സ്റ്രാൻഡിലെത്തിയത്. എം.ജി കോളേജിലെ സോഷ്യോളജി വിഭാഗം വിദ്യാർത്ഥികളും സംഘത്തെ അനുഗമിച്ചു. അടൂർ ഗോപാലകൃഷ്ണൻ ദീപശിഖ ഏറ്റുവാങ്ങി. അക്ഷരങ്ങളെഴുതിയ പ്ലക്കാർഡിനൊപ്പം പഴമയെ ഓർമിപ്പിക്കുന്ന പ്ലാവിലത്തൊപ്പിയും അക്ഷരമാല എഴുതിയ ഉത്തരീയവും ധരിച്ചാണ് കുട്ടികളെത്തിയത്. കഴിഞ്ഞ ദിവസം അവിനാശിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവരെ അനുസ്മരിച്ച ശേഷമാണ് പരിപാടികൾ ആരംഭിച്ചത്.
കുട്ടികൾ ഭാഷാപ്രതിജ്ഞ ഏറ്റുചൊല്ലി. കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ, ഒ.എൻ.വി. കുറുപ്പ്, സുഗതകുമാരി എന്നിവരുടെ കവിതകൾ ചടങ്ങിൽ ആലപിച്ചു. ഒ.എൻ.വിയുടെ ' എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം' എന്ന കവിതയായിരുന്നു തുടക്കത്തിൽ. വരികൾക്കനുസരിച്ച് ആർട്ടിസ്റ്റ് ഭട്ടത്തിരി കാലിഗ്രഫി ഒരുക്കി. പൊതുയാത്രാ സൗകര്യങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും പരിപാടിക്ക് ഉണ്ടായിരുന്നതായി സംഘാടകർ പറഞ്ഞു. വട്ടപ്പറമ്പിൽ പീതാംബരൻ, അച്യുത് ശങ്കർ, എം.ജി കോളേജ് അദ്ധ്യാപകൻ എൻ.കെ. സുനിൽകുമാർ, യുവകവി സനൽ ഡാലുംമുഖം, കെ.എസ്.ആർ.ടി.സി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.