തിരുവനന്തപുരം: കെ സുരേന്ദ്രൻ ഇന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേൽക്കും. രാവിലെ പത്തരയ്ക്ക് ഗവ. ലോ കോളേജിന് സമീപം കുന്നുകുഴിയിലുള്ള പാർട്ടി അസ്ഥാനത്തുവെച്ച് നടക്കുന്ന ചടങ്ങിലാണ് സുരേന്ദ്രൻ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുക. മദ്ധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ചടങ്ങിന് സാക്ഷ്യം വഹിക്കും.
രാവിലെ ഒമ്പതരയോടെ തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനിലെത്തുന്ന സുരേന്ദ്രനെ പാർട്ടി പ്രവർത്തകർ സ്വീകരിക്കും. ശേഷം തുറന്ന വാഹനത്തിൽ എം.ജി റോഡിലൂടെ പി.എം.ജി ജംഗ്ഷൻ വഴി ബി.ജെ.പി സംസ്ഥാന ആസ്ഥാനത്തേക്ക് എത്തും.
മിസോറാം ഗവര്‍ണറായി പി.എസ്.ശ്രീധരന്‍ പിള്ളയെ നിയമിച്ച ശേഷം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ പദവി മാസങ്ങളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു.എ.എൻ രാധാകൃഷ്ണന്റെയും കുമ്മനം രാജശേഖരന്റെയുമുൾപ്പെടെയുള്ള പേരുകൾ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും, ഒടുവിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ.സുരേന്ദ്രന് നറുക്ക് വീഴുകയായിരുന്നു.
വരാൻ പോകുന്ന തിരഞ്ഞെടുപ്പുകൾ കൂടി മുന്നിൽ കണ്ടാണ് സുരേന്ദ്രനെ ബി.ജെ.പി അദ്ധ്യക്ഷനാക്കിയത്. സംസ്ഥാന ബി.ജെ.പിയെ ശക്തമാക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ബി.ജെ.പി ഏറ്റെടുത്തിട്ടുള്ള ജനകീയ സമരങ്ങളുടെയെല്ലാം മുൻപന്തിയിൽ സുരേന്ദ്രൻ ഉണ്ടായിരുന്നു. ശബരിമല യുവതി പ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി 22 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്ന് മൂന്ന് ലക്ഷത്തോളം വോട്ട് നേടിയിരുന്നു. കൂടാതെ കോന്നി ഉപതിരഞ്ഞെടുപ്പിൽ 40000ത്തോളം വോട്ട് നേടിയിരുന്നു.