തിരുവനന്തപുരം: മലയാള മിഷൻ സംഘടിപ്പിച്ച മലയാൺമ - 2020 ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം അയ്യങ്കാളിൽ ഹാളിലായിരുന്നു ചടങ്ങ്. രണ്ട് മണിക്കായിരുന്നു മുഖ്യമന്ത്രി എത്തേണ്ടിയിരുന്നത്. എന്നാൽ പതിവിൽ നിന്ന് വിപരീതമായി ഒരു മണിക്കൂർ വൈകിയാണ് അദ്ദേഹം എത്തിയത്.
പിണറായി വിജയൻ എത്തിയതിന് പിന്നാലെ സ്വാഗത പ്രസംഗത്തിനായി മലയാള മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് മൈക്കിനടുത്തെത്തി. മാതൃഭാഷ ദിനത്തിന്റെ ചരിത്രം ചുരുക്കി വിവരിക്കുന്നതിനിടയിൽ വേദിയിലിരുന്ന മുഖ്യമന്ത്രി എഴുന്നേറ്റ് മൈക്കിനടുത്തെത്തി. തുടർന്ന് സ്വാഗതം പിന്നെ പറയാമെന്ന് പറഞ്ഞ് അദ്ദേഹം മൈക്ക് വാങ്ങി.
മൂന്ന് മണിക്ക് മറ്റൊരു പരിപാടിയുണ്ടെന്നും, വേറെ വഴിയില്ലെന്നും അമ്പരന്ന് നിൽക്കുന്ന കാണികളോടായി മുഖ്യമന്ത്രി പറഞ്ഞു. മിഷന്റെ പ്രവർത്തനങ്ങളെ പരാമർശിച്ചും അവാർഡ് ജേതാക്കളെ അനുമോദിച്ചും മിനിറ്റുകൾക്കുള്ളിൽ അദ്ദേഹം പ്രസംഗം നിർത്തി.
മലയാള ഭാഷ ലോകമെമ്പാടും വ്യാപിപ്പിക്കുക എന്ന ലക്ഷ്യംവച്ച് ആരംഭിച്ച മലയാളം മിഷന്റെ ഇന്റർനെറ്റ് റേഡിയോയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മലയാള ഭാഷ പുരസ്കാരങ്ങൾ സമ്മാനിച്ച ശേഷമാണ് മുഖ്യമന്ത്രി തിരിച്ചുപോയത്.