iaf-

വുഹാൻ : കൊറോണ ബാധിതമായ ചൈനയിലെ വുഹാൻ പ്രവിശ്യയിലേക്ക് ഇന്ത്യ അയച്ച വ്യോമസേനയുടെ ഭീമൻ ചരക്ക് വിമാനത്തിന്റെ മടക്കം ചൈന മനപ്പൂർവം വൈകിപ്പിക്കുന്നതായി റിപ്പോർട്ട്. ചൈനയിലേക്ക് രോഗ വ്യാപനം തടയുന്നതിനുള്ള ഉപകരണങ്ങളുമായി അയച്ച വിമാനം തിരികെ വുഹാനിൽ നിന്നും ഇന്ത്യൻ പൗരൻമാരെയും കൊണ്ടു വരുവാൻ ലക്ഷ്യമിട്ടിരുന്നു. ചൈനീസ് അധികൃതരുമായി ഇതുസംബന്ധിച്ച് ആശയ വിനിമയം നടത്തിയ ശേഷമാണ് വ്യോമസേനയുടെ വലിയ ചരക്കു വിമാനമായ സി-17 അയച്ചത്. ഏത് കാലാവസ്ഥയിലും അടിയന്തര സേവനം നടത്തുവാൻ പര്യാപ്തമാണ് ഈ വിമാനം. എന്നാൽ വുഹാനിൽ ലാന്റ് ചെയ്ത വിമാനത്തിന് ക്ലിയറൻസ് നൽകാതെ ചൈനീസ് അധികൃതർ വൈകിപ്പിക്കുന്നു എന്നാണ് ദേശീയ മാദ്ധ്യമങ്ങളിൽ വരുന്ന റിപ്പോർട്ട്.

അതേസമയം രക്ഷാപ്രാവർത്തനത്തിന് എത്തിയ മറ്റു രാജ്യങ്ങളുടെ വിമാനങ്ങൾ ഇവിടെ നിന്നും പുറപ്പെടുന്നുമുണ്ട്. ഫ്രാൻസുൾപ്പടെയുള്ള രാജ്യങ്ങളുടെ രക്ഷാവസ്തുക്കളുമായെത്തിയ വിമാനങ്ങൾക്ക് ക്ലിയറൻസ് ലഭിച്ചിട്ടുണ്ട്.

ഇന്ത്യൻ പൗരൻമാരെ മടക്കിക്കൊണ്ട് പോകുന്നതിൽ ചൈനയുടെ അനിഷ്ടമാണ് ഇപ്പോഴത്തെ വൈകിപ്പിക്കലിന് പിന്നിലെന്ന് കരുതുന്നു. മുൻപും രണ്ട് തവണ ചൈനയിലെ വുഹാനിൽ നിന്നും ഇന്ത്യ പൗരൻമാരെ ഒഴിപ്പിച്ചിരുന്നു. 647 ഇന്ത്യക്കാരെയും ഏഴ് മാലി പൗരൻമാരെയുമാണ് തിരികെ എത്തിച്ചത്. യാത്രാവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു രണ്ടു തവണയും ഇന്ത്യ ദൗത്യം നടത്തിയത്. ഈ മാസം പതിനേഴിനാണ് വ്യോമസേനയുടെ ചരക്ക് വിമാനമുപയോഗിച്ച് ചൈനയിലേക്ക് പ്രത്യേക ദൗത്യം നടത്തുമെന്ന് ഇന്ത്യ അറിയിച്ചത്. ചൈനയ്ക്ക് പിന്തുണ അറിയിച്ച് ഇന്ത്യൻ പ്രധാനമന്ത്രി കത്തയക്കുകയും ചെയ്തിരുന്നു.

ഇനിയും നൂറു കണക്കിന് ഇന്ത്യക്കാരാണ് കൊറോണ പടർന്ന് പിടിച്ച വുഹാൻ നഗരത്തിലുള്ളത്. ഇവരിൽ മടങ്ങി വരാൻ താത്പര്യമുള്ളവരെ ഇന്ന് തിരികെ എത്തിക്കും. ഇന്ത്യയിൽ എത്തുന്നവരെ സൈന്യം സജ്ജീകരിച്ചിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലെത്തിച്ച് നിശ്ചിത ദിവസം നിരീക്ഷിച്ച ശേഷം അസ്വസ്ഥതകളൊന്നും ഇല്ലെന്ന് ബോധ്യമായ ശേഷമേ വീടുകളിൽ പോകുവാൻ അനുവദിക്കുകയുള്ളൂ.