gold-

കൊച്ചി : ചൈനയെ പിടിച്ചുലയ്ക്കുന്ന കൊറോണ ബാധ ആഗോള സമ്പദ് വ്യവസ്ഥയെയും ദോഷമായി ബാധിക്കുകയാണ്. ഇതിന്റെ പരിണിത ഫലം സ്വർണവിലയിലാണ് പ്രതിഫലിക്കുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ സ്വർണ വില 1080 രൂപയാണ് ഉയർന്നത്. ആഗോള ഓഹരി കടപ്പത്ര വിപണികളിൽ നിന്ന് നിക്ഷേപം വൻതോതിൽ ഇടിയുകയാണ്. ഇതാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് കൂട്ടുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണത്തിന്റെ വിലയിൽ പ്രതിഫലിച്ചു. കൊറോണ ഭീതി ഒഴിഞ്ഞ്, ചൈന സാധാരണ നിലയിൽ എത്തുംവരെ ഈ സ്ഥിതി തുടർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ കരുതുന്നത്. ഇന്നലെ രണ്ടു പ്രാവശ്യമായി 400 രൂപയാണ് വില വർദ്ധിച്ചത്.

രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ഏഴു വർഷത്തെ ഉയരത്തിലാണ് സ്വർണ വില. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസ് തനിത്തങ്കത്തിന്റെ വില 1.39 ശതമാനം ഉയർന്ന് 1641.70 ഡോളറായി. വില വർദ്ധിക്കുന്നത് വ്യാപാരികളെ സംബന്ധിച്ച് ശുഭകരമല്ല. സ്വർണ വിൽപ്പന കുത്തനെ കുറയുന്നതിനൊപ്പം പഴയ സ്വർണം വിൽക്കുന്നതിനും ആളുകൾ ഈ അവസരം വിനിയോഗിക്കും. പണിക്കൂലിയും ജി.എസ്.ടി.യും ചേർക്കുമ്പോൾ ഒരു പവൻ സ്വർണം വാങ്ങാൻ മുപ്പത്തിയാറായിരം രൂപയ്ക്കടുത്ത് നൽകേണ്ടി വരും. ഈമാസം അഞ്ചിന് പവന് 29,920 രൂപയായിരുന്നു വില. 2020ൽ ഇതുവരെ പവന് കൂടിയത് 2,200 രൂപയാണ്. ഒരുവർഷത്തിനിടെ ഉണ്ടായ വർദ്ധന 7,560 രൂപ.