missing-case-

തൃശൂർ : നാല് വർഷം മുൻപ് അപ്രതീക്ഷിതമായി കാണാതായ മകളെയും പേരക്കുട്ടികളെയും എങ്ങനെയെങ്കിലും കണ്ടെത്തണമെന്നുള്ള മാതാവിന്റെ ആഗ്രഹം ഒടുവിൽ സഫലമായി. 2016ൽ കാണാതായ യുവതിയെയും കുട്ടികളെയും കോയമ്പത്തൂരിൽ നിന്നുമാണ് കണ്ടെത്തിയത്. ഡ്രൈവിംഗ് സ്‌കൂളിൽ ജോലി ചെയ്തിരുന്ന യുവതി പതിനാലും, പത്തും വയസുള്ള പെൺകുട്ടികൾക്കൊപ്പമാണ് അപ്രത്യക്ഷമായത്. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. കോയമ്പത്തൂരിൽ പൊന്നാനി സ്വദേശിയായ യുവാവിനൊപ്പമാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. യുവാവും സമാനമായ സാഹചര്യത്തിൽ നാട്ടിൽ നിന്നും കാണാതാവുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ യുവാവിനെയും യുവതിയെയും വിട്ടയച്ചു.

യുവതിയുടെ അമ്മ ഇപ്പോൾ ഗൾഫിലാണുള്ളത്. കാണാതായ മകൾ ജീവിച്ചിരിപ്പുണ്ടോ എന്നെങ്കിലും അറിയണമെന്ന മാതാവിന്റെ ആഗ്രഹമാണ് ഇവരെ കണ്ടെത്താൻ വഴിയൊരുക്കിയത്. മകളെ കണ്ടെത്തിയെന്നറിഞ്ഞതോടെ ഇന്ന് രാത്രി മാതാവ് നാട്ടിലെത്തും. മകളെ കാണാതായ സമയത്ത് തന്നെയാണ് നാട്ടുകാരനായ യുവാവിനെയും കാണാതായത്. എന്നാൽ രണ്ട് വീട്ടുകാരും രണ്ട് പൊലീസ് സ്റ്റേഷനുകളിലാണ് പരാതി നൽകിയത്. കഴിഞ്ഞ വർഷം യുവതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മാതാവ് വടക്കേകാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.