തലശ്ശേരി: ഷുഹൈബ് വധക്കേസിലെ നാലാം പ്രതിയുടെ ബന്ധുവിന് കോൺഗ്രസ് ഭരിക്കുന്ന ഇന്ദിരാഗാന്ധി ആശുപത്രിയിൽ ജോലി നൽകിയ നടപടി വിവാദമാകുന്നു. കക്കയങ്ങാട് സ്വദേശിയായ നാലാം പ്രതിയുടെ സഹോദരിക്കാണ് കെ.പി.സി.സി ഭാരവാഹിയായ മമ്പറം ദിവാകരന്‍ പ്രസിഡന്റായ ആശുപത്രിയിൽ നഴ്സായി ജോലി നൽകിയത്.
കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം മുന്‍ പ്രസിഡന്റിന്റെ ശുപാര്‍ശയിലാണ് യുവതിക്ക് ജോലി നല്‍കിയത് എന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിനെതിരെ പാർട്ടിക്കുള്ളിൽ വൻ വിവാദമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എന്ത് ശുപാർശയുടെ പേരിലായാലും കൊലയാളികളെ സംരക്ഷിക്കുന്ന നടപടി ഉണ്ടാകരുതെന്നും,അത് ഷുഹൈബിന്റെ ആത്മാവ് പൊറുക്കില്ലെന്നും പ്രവർത്തകർ പറയുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കണ്ണൂർ ഡി.സി.സി നേതൃത്വം പ്രതികരിച്ചു. പ്രതിയുടെ സഹോദരിക്ക് ജോലി നൽകിയതിൽ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം മാപ്പ് പറഞ്ഞുവെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു.