melania

ന്യൂഡൽഹി: അടുത്ത ആഴ്ച ഡൽഹി സർക്കാർ സ്‌കൂളിൽ "സന്തോഷ ക്ലാസ്"( Happiness Class)കാണാൻ എത്തുന്ന യു.എസ് പ്രഥമ വനിത മെലാനിയ ട്രംപിനെ സ്വീകരിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പങ്കെടുക്കില്ലെന്ന് ആം ആദ്മി പാർട്ടി (എ.എ.പി) വൃത്തങ്ങൾ അറിയിച്ചു. കേജ്‌രിവാളിന്റെയും സിസോദിയയുടെയും പേരുകൾ കേന്ദ്ര സർക്കാരാണ് പരിപാടിയിൽ നിന്ന് ഒഴിവാക്കിയതെന്ന് പാർട്ടി വൃത്തങ്ങൾ ആരോപിച്ചു.

നേരത്തെയുള്ള പദ്ധതി പ്രകാരം, കെജ്‌രിവാളും,​ സിസോദിയയുമായിരുന്നു മെലാനിയ ട്രംപിനെ ദക്ഷിണ ഡൽഹി സർക്കാർ സ്കൂളിൽ സ്വാഗതം ചെയ്യാൻ തീരുമാനിച്ചിരുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച മെലാനിയ പ്രത്യേക അതിഥിയായി സ്കൂൾ സന്ദർശിക്കും. ഒരു മണിക്കൂർ നീണ്ട സന്ദർശനത്തിൽ അവർ സ്കൂൾ കുട്ടികളോടൊപ്പം കുറച്ച് സമയം ചിലവഴിക്കും. ഈ സമയം ട്രംപ് രാവിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തും

കുട്ടികളുടെ സമ്മർദ്ദം ഇല്ലാതാക്കാൻ ഡൽഹി സർക്കാർ ആവിഷ്‌കരിച്ച 'സന്തോഷ ക്ലാസ്" പാഠ്യപദ്ധതി നേരിട്ട് കണ്ട് മനസിലാക്കുകയാണ് മെലാനിയയുടെ ലക്ഷ്യം. 2018ലാണ് ഒന്നു മുതൽ എട്ടുവരെയുള്ള ക്ളാസുകളിൽ 'സന്തോഷം" പഠിപ്പിക്കാൻ തുടങ്ങിയത്. ദിനവും 45 മിനിട്ട് ദൈർഘ്യമുള്ള സന്തോഷം പിരീഡിൽ കഥ പറച്ചിൽ, ധ്യാനം, ചോദ്യോത്തര വേള തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ സമ്മർദ്ദം ഇല്ലാതാക്കും.