കണ്ണെത്താത്ത ദൂരത്തോളം പരന്ന് കിടക്കുന്ന മണലാരണ്യം കത്തുന്ന സൂര്യന് കീഴിൽ ചുട്ടുപൊള്ളിക്കിടക്കുന്നു, കുടിക്കാൻ ശുദ്ധജലം പോലും ആവശ്യത്തിന് ലഭ്യമല്ല, ഒരിക്കലും ആരും താമസിക്കുവാൻ പോയിട്ട് ഒന്ന് എത്തി നോക്കുവാൻ പോലും താത്പര്യപ്പെടാത്ത ഇടം. എന്നാൽ ആ മരുഭൂമിക്ക് അടിയിൽ ദൈവം വൻ സമ്പത്ത് പെട്രോളിയത്തിന്റെ രൂപത്തിൽ ഒളിപ്പിച്ചു വച്ചിരുന്നു. കാലം കടന്നുപോയപ്പോൾ ലോക സാമ്പത്തിക വ്യവസ്ഥയെ സ്വാധീനിക്കുവാൻ ആ മണലാരണ്യത്തിന് മുകളിൽ രൂപം കൊണ്ട അധികാരികൾക്കായി, കത്തുന്ന ചൂട് വകവയ്ക്കാതെ എണ്ണയുടെ സമ്പത്തിലേക്ക് പൂക്കളിൽ തേനീച്ചകളെന്ന പോലെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ആളുകൾ വന്നെത്തി, എണ്ണയുടെ പേരിൽ ചോരച്ചാലുകൾ ഒഴുകി, ലോകത്തെ സമ്പന്ന രാജ്യങ്ങൾ പോലും സൗഹൃദം കൊതിച്ചെത്തി ഇതാണ് സമ്പന്നതയുടെ മൂടുപടം മാറ്റിയാൽ ഗൾഫിന്റെ മിനികഥ. വിലമതിക്കാനാവാത്ത നിധികൾ അതു ചില ലോഹത്തിന്റെയോ ധാതുവിന്റെയോ രൂപത്തിൽ ലഭിച്ചാൽ മതി ഒരു രാജ്യത്തിന്റെ തലവരമാറ്റുവാൻ അത്തരത്തിലുള്ള രണ്ട് കണ്ടെത്തലുകളാണ് ഇന്ത്യയെ തേടി ഒരാഴ്ചയ്ക്കുള്ളിൽ വന്നിരിക്കുന്നത്. ലോകത്തിന്റെ ഒന്നാം സ്ഥാനത്തിന്റെ തലപ്പാവണിയാൻ സഹായിക്കുന്ന ആ രണ്ട് അദ്ഭുതങ്ങളെ കുറിച്ച് കൂടുതലറിയാം
യു.പിയിലെ സ്വർണ ഖനി
ഇന്ത്യയെ പുരോഗതിയുടെ പുതുവഴിയിലേക്ക് നയിക്കാനുതകുന്ന ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. മൂവായിരം ടൺ ശേഷിയുള്ള അമൂല്യ ലോഹമായ സ്വർണത്തിന്റെ വലിയൊരു ഖനി കണ്ടെത്തി. ഉത്തർ പ്രദേശിലെ സോനഭദ്രയിലാണ് രാജ്യത്തിന്റെ തലവര വരെ മാറ്റാൻ ശേഷിയുള്ള അമൂല്യ ശേഖരം കണ്ടെത്തിയിരിക്കുന്നത്. സോനഭദ്രി ജില്ലയിലെ സോന പഹാഡി, ഹാർദി എന്നീ ബ്ലോക്കുകളിലായാണ് അമൂല്യ ലോഹത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ജിയോളജി വകുപ്പിെന്റ റിപ്പോർട്ട് പ്രകാരം 2,943.26 ടൺ സ്വർണം പഹാഡി ബ്ലോക്കിലും 646.15 കിലോ ഗ്രാം സ്വർണം ഹാർദി ബ്ലോക്കിലുമുണ്ട്. അറുന്നൂറ്റി ഇരുപത്തിയാറ് ടണ്ണാണ് ഇന്ത്യയുടെ സ്വർണ ശേഖരത്തിലുള്ളത്. അതിനേക്കാൾ അഞ്ച് മടങ്ങ് സ്വർണമാണ് യു.പിയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ബ്രിട്ടീഷുകാർ ഇന്ത്യയെ ഭരിച്ചിരുന്ന കാലത്ത് തന്നെ സ്വർണത്തിന്റെ സാന്നിദ്ധ്യം ഇവിടെ കണ്ടെത്തിയിരുന്നു. എന്നാൽ തൊണ്ണൂറുകളുടെ ആരംഭകാലത്താണ് ഇവിടെ സ്വർണ നിക്ഷേപമുണ്ടെന്ന് കരുതി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പഠനങ്ങൾ ആരംഭിച്ചിരുന്നു. നീണ്ട കാലത്തെ പഠന പരീക്ഷണങ്ങൾ ഫലവത്തായി എന്ന വാർത്തയാണ് ഇപ്പോൾ അവർ നൽകുന്നത്. സ്വർണ ഖനിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചപ്പോൾ തന്നെ പ്രദേശത്തെ ജിയോ ടാഗിംഗ് ഉൾപ്പടെയുള്ള കാര്യങ്ങൾ പൂർത്തീകരിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിച്ചു കഴിഞ്ഞു. ഖനിയുടെ ലേലത്തിനായുള്ള നടപടികളും ഉടൻ ആരംഭിക്കുമെന്ന് അറിയുന്നു. പന്ത്രണ്ട് ലക്ഷം കോടിയുടെ മൂല്യമുള്ള ഖനിയാണ് കണ്ടെത്തിയിട്ടുള്ളത്.
ലോകത്ത് ഇന്ന് സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് പ്രമുഖ സ്ഥാനമാണുളളത്. ഇന്ത്യയിലെ ജനങ്ങൾ സാധാരണക്കാർ മുതൽ പണം സ്വർണത്തിന്റെ രൂപത്തിൽ സൂക്ഷിച്ചു വയ്ക്കാൻ താത്പര്യപ്പെടുന്നവരാണ്. ഇതു കൂടാതെ രാജ്യത്തെ സ്ത്രീകളുടെ ആഭരണ ഭ്രമവും എടുത്തു പറയേണ്ടതാണ്. വിവാഹത്തിന്റെ പകിട്ട് നിർണയിക്കുന്നത് തന്നെ വധു അണിഞ്ഞിരിക്കുന്ന സ്വർണാഭരണങ്ങളുടെ അളവനുസരിച്ചാണെന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ സ്വർണ ഇറക്കുമതി രാജ്യത്തെ സംബന്ധിച്ചിടത്തോളം സമ്പദ വ്യവസ്ഥയ്ക്ക് അങ്ങേയറ്റം ദോഷകരമാണ്. വലിയ അളവിൽ സ്വർണത്തിനായി പണം വിദേശരാജ്യങ്ങളിലേക്ക് നൽകേണ്ടി വരുന്നത് രൂപയുടെ മൂല്യത്തെ ബാധിക്കുന്നുണ്ട്. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുണ്ടാവുന്ന അന്തരവും ഇത് വർദ്ധിപ്പിക്കുണ്ട്. സ്വർണ ബോണ്ടടക്കമുള്ള മാർഗങ്ങൾ കേന്ദ്രം കൊണ്ടു വന്നെങ്കിലും അതൊന്നും രാജ്യത്തെ പൗരൻമാരുടെ സ്വർണ ഭ്രമത്തെ ആകർഷിക്കുവാനായിട്ടില്ല. ഇതു കൂടാതെ സ്വർണ കള്ളക്കടത്താണ് രാജ്യം നേരിടുന്ന മറ്റൊരു തലവേദന. ഇന്ത്യയ്ക്ക് ആവശ്യമായ സ്വർണം ഇവിടെ ഉദ്പാദിപ്പിക്കുവാൻ കഴിഞ്ഞാൽ അത് രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആശ്വാസമാവും എന്നതിൽ തർക്കമില്ല.
കർണാടകയിലെ ലിഥിയം
എണ്ണസമ്പത്തിന്റെ കുത്തക സ്വന്തമാക്കുക വഴി സമ്പന്നതയുടെ കൊടുമുടി കയറിയ ഗൾഫ് രാജ്യങ്ങളുടെ ചരിത്രം ഏവർക്കും അറിവുള്ളതാണ്. എന്നാൽ ഈ വഴിയിലൂടെ സഞ്ചരിക്കാനുള്ള ഭാഗ്യം ഇന്ത്യയേയും തേടി എത്തിയിരിക്കുന്നു എന്ന സന്തോഷവാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വാഹനമേഖലയിൽ ഇലക്ട്രിക് യുഗം ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിൽ ഊർജം ശേഖരിക്കാനുള്ള ബാറ്ററിയുടെ നിർമ്മാണമാണ് ഏറെ പ്രാധാന്യമുള്ളത്. ലോകത്ത് കുറച്ച് മാത്രം ലഭ്യതയുള്ള ലിഥിയമാണ് ബാറ്ററി നിർമ്മാണത്തിനായി ഇപ്പോൾ ഉപയോഗിക്കുന്നത്. ഈ ലിഥിയത്തിന്റെ വൻ ശേഖരം കർണാടകയിലെ മാണ്ഡ്യയിൽ കണ്ടെത്തിയതായി ഇന്ത്യാ ആറ്റോമിക് എനർജി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ടു. ഇന്ത്യാസ് ആറ്റോമിക് എനർജി കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ആറ്റോമിക് മിനറൽ ഡയറക്ടറേറ്റിലെ ഗവേഷകരുടെ സംഘമാണ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യയിലെ സിലിക്കൺ വാലിയെന്ന വിശേഷണമുള്ള ബംഗളൂരുവിൽ നിന്നും കേവലം നൂറ് കിലോമീറ്റർ ദൂരത്തുള്ള സ്ഥലമാണ് മാണ്ഡ്യ. ഇവിടെ 14,100 ടൺ ലിഥിയം ശേഖരമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇപ്പോൾ ലിഥിയം പൂർണമായും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ സാമ്പത്തിക വർഷം 120 കോടി ഡോളറാണ് ഇതിനായി ചെലവഴിച്ചത്.
നാളത്തെ വിപണിയെ തീർച്ചയായും സ്വാധീനിക്കുന്ന രണ്ട് വിലയേറിയ നിധികൾ സ്വർണത്തിന്റെയും ലിഥിയത്തിന്റെയും രൂപത്തിൽ രാജ്യത്തെ അനുഗ്രഹിച്ചിരിക്കുന്നു. വിവിധ പരീക്ഷണങ്ങളിലൂടെ ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തിയ ശാസ്ത്രജ്ഞൻമാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും പരിശ്രമങ്ങളെ നാം കാണാതിരുന്നു കൂടാ. വിജയക്കുതിപ്പിലേക്ക് നമുക്ക് നീങ്ങാനുള്ള ഊർജ്ജമാകട്ടെ ഈ കണ്ടെത്തലുകൾ.