തിരുവനന്തപുരം: ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികൾക്ക് തലസ്ഥാനത്ത് നിർമ്മിക്കുന്ന സ്മാരക സമുച്ചയത്തിന്റെ ആദ്യഘട്ടം 10 മാസത്തിനകം പൂർത്തിയാകുമെന്ന് ശ്രീ വിദ്യാധിരാജ സഭ പ്രസിഡന്റ് കെ.രാമൻപിള്ളയും സെക്രട്ടറി ഡോ.ആർ.അജയകുമാറും അറിയിച്ചു. മാർച്ച് പത്തിന് വൈകിട്ട് 5ന് സമുച്ചയത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. വിദ്യാധിരാജ സഭയുടെ അധീനതയിലുള്ള കിഴക്കേക്കോട്ട തീർത്ഥപാദ മണ്ഡപം സ്ഥിതിചെയ്യുന്ന 65 സെന്റ് സ്ഥലത്താണ് സ്മാരക സമുച്ചയം നിർമ്മിക്കുന്നത്. ചടങ്ങിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കാനം രാജേന്ദ്രൻ, കുമ്മനം രാജശേഖരൻ, മന്ത്രിമാർ, മേയർ തുടങ്ങിയവർ പങ്കെടുക്കും. ഇതിനോടനുബന്ധിച്ചുള്ള ശിലാഫലക രഥയാത്ര വാഴൂർ തീർത്ഥപാദ ആശ്രമത്തിൽ മാർച്ച് മൂന്നിന് കാനം രാജേന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്യും. വാഴൂർ ആശ്രമ മഠാധിപതി സ്വാമി പ്രഞ്ജാനന്ദ തീർത്ഥപാദർ നയിക്കുന്ന യാത്ര മാർച്ച് പത്തിന് തിരുവനന്തപുരത്തെത്തിച്ചേരുമെന്ന് സഭാ ട്രസ്റ്റി ഡോ.ശ്രീവൽസൻ നമ്പൂതിരി അറിയിച്ചു. 15 കോടി രൂപ നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന സമുച്ചയത്തിന്റെ രൂപകൽപ്പന ആർക്കിടെക്റ്റ് ജി.ശങ്കറാണ് നിർവഹിക്കുക. തീർത്ഥപാദക്ഷേത്രം, തീർത്ഥക്കുളം, തീർത്ഥപാദ മണ്ഡപം, ഭട്ടാരക മന്ദിരം, മ്യൂസിയം എന്നിവയടങ്ങുന്നതാണ് സ്മാരകസമുച്ചയം.