തിരുവനന്തപുരം: കേരള തീരത്ത് മത്സ്യബന്ധനത്തിന് മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്ന വള്ളങ്ങളുടേയും എൻജിനുകളുടേയും പരിശോധന മാർച്ച് 15ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്നതാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. അപേക്ഷകർ യാനം, എൻജിൻ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മത്സ്യബന്ധന ലൈസൻസ്, എഫ്.ഐ.എം.എസ് രജിസ്ട്രേഷൻ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് പാസ്ബുക്ക്, ആധാർ, റേഷൻകാർഡ്, പുതിയ എൻജിനാണെങ്കിൽ അതിന്റെ ഇൻവോയ്സ്, പഴയ എൻജിനാണെങ്കിൽ പഴയ പെർമിറ്റ് എന്നിവ സഹിതം ബന്ധപ്പെട്ട പരിശോധനാ കേന്ദ്രങ്ങളിൽ ഹാജരാകണം. പരിശോധനയിൽ പങ്കെടുക്കാത്ത മത്സ്യബന്ധന എൻജിനുകൾക്ക് മണ്ണെണ്ണ പെർമിറ്റ് ലഭിക്കില്ല. മാർച്ച് 7നകം മത്സ്യത്തൊഴിലാളികൾ മണ്ണെണ്ണ പെർമിറ്റിനുള്ള അപേക്ഷ ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ് ഓഫീസുകളിൽ നൽകണം.