കൃഷ്‌ണഗിരി: ദക്ഷിണേന്ത്യയിലെ കുപ്രസിദ്ധ വനംകൊള്ളക്കാരനായ വീരപ്പന്റെ മകൾ വിദ്യാറാണി ബി.ജെ.പിയിൽ ചേർന്നു. വീരപ്പൻ - മുത്തുലക്ഷ്‌മി ദമ്പതികളുടെ രണ്ടാമത്തെ മകളും അഭിഭാഷകയുമായ വിദ്യാ റാണി ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയായ മുരളീധർറാവുവിൽ നിന്ന് കൃഷ്‌ണഗിരിയിൽ വച്ചാണ് അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി മുൻ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ആദിവാസികൾക്കിടയിലെ സന്നദ്ധ പ്രവർത്തകയാണ് വിദ്യാറാണി.
"ജനങ്ങളെ സേവിക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നാൽ അദ്ദേഹം അത് ചെയ്തത് തെറ്റായ വഴിയിലൂടെയാണ്. ഞാൻ ജനങ്ങളെയും രാജ്യത്തെയും സേവിക്കാൻ ആഗ്രഹിക്കുന്നു. അതിനാലാണ് ബി.ജെ.പിയിൽ ചേർന്നത്. " - വിദ്യാ റാണി പറഞ്ഞു.
കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ പൊലീസും അർദ്ധസൈനിക വിഭാഗവും 20 വർഷത്തോളം വീരപ്പനെ പിടികൂടാനായി ശ്രമിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരുമടക്കം 124 പേരെ വീരപ്പൻ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 200ലധികം ആനകളെ കൊന്ന് ആനക്കൊമ്പ് ഊരിയതിനും 10, 000 ടൺ ചന്ദനത്തടി മോഷ്ടിച്ചതിനും വീരപ്പനെതിരെ കേസുണ്ട്. ചെറിയൊരു സൈന്യം തന്നെ സ്വന്തമായുണ്ടായിരുന്ന വീരപ്പനെ 2004ൽ പൊലീസ് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.