veerappan

കൃഷ്ണഗിരി: വിവിധ സംസ്ഥാനങ്ങളിലെ കാടുകളിൽ വൻ കവർച്ചകൾ നടത്തി കുപ്രസിദ്ധി ആർജിച്ച വനംകൊള്ളക്കാരൻ വീരപ്പന്റെ മകൾ ബി.ജെ.പിയിൽ ചേർന്നു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ വച്ച് ചടങ്ങിലാണ് വീരപ്പന്റെ മകളും അഭിഭാഷകയുമായ വിദ്യാ റാണി പാർട്ടി അംഗത്വം സ്വീകരിച്ചത്. മുൻ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ മുതലായ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. വീരപ്പൻ, മുത്തുലക്ഷ്മി എന്നിവരുടെ രണ്ടാമത്തെ പുത്രിയായ വിദ്യാ റാണി തമിഴ്‌നാട്ടിലെ ആദിവാസികൾക്കിടയിൽ സാമൂഹിക പ്രവർത്തനം നടത്തുന്നയാൾ കൂടിയാണ്.

തന്റെ പിതാവിന്റെ ലക്‌ഷ്യം ജനങ്ങളെ സേവിക്കുക എന്നതായിരുന്നു എന്നും എന്നാൽ അതിനായി അദ്ദേഹം സ്വീകരിച്ച മാർഗം തെറ്റായിരുന്നു എന്നും വിദ്യാ ലക്ഷ്മി പറഞ്ഞു. 'ഞാൻ ജനങ്ങളെയും രാജ്യത്തെയും സേവിക്കാനാണ് ആഗ്രഹിക്കുന്നത്. അതിനാലാണ് ഞാൻ ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചത്.' - പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം വിദ്യാ ലക്ഷ്മി പറഞ്ഞു. കേരളം, തമിഴ്‌നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ കാടുകളിൽ വ്യാപകമായ വനംകൊള്ള നടത്തിയിരുന്ന വീരപ്പനെ 2004 ഒക്ടോബർ 18നാണ് തമിഴ്‌നാട് സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സ് വെടിവച്ച് കൊലപ്പെടുത്തിയത്.