
ന്യൂഡൽഹി: മാനസികരോഗമുണ്ടെന്നും ചികിത്‌സ ലഭ്യമാക്കാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് നിർഭയ കേസിലെ പ്രതി വിനയ് ശർമ്മ നൽകിയ ഹർജി ഡൽഹി കോടതി തള്ളി. പ്രതിക്ക് മാനസികരോഗമില്ലെന്നും വധശിക്ഷ വിധിക്കുമ്പോൾ ഉണ്ടാകുന്ന സാധാരണ ഉത്കണ്ഠ മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി
ഇതിന് വിനയ് ശർമ്മയ്ക്ക് ആവശ്യമായ ചികിത്സയും മനഃശാസ്ത്രപരമായ സഹായവും നൽകിയിട്ടുണ്ടെന്നും ഡൽഹി പട്യാല കോടതി വിധിയിൽ വ്യക്തമാക്കി. വിനയ് ശര്‍മ്മയ്ക്ക് മാനസിക രോഗമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ എ പി സിംഗാണ് കോടതിയെ സമീപിച്ചത്. വിനയ് ശര്‍മ്മയ്ക്ക് സ്‌കീസോഫ്രീനിയ ആണെന്നും, സ്വന്തം അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ലെന്നുമാണ് ഹർജിയിൽ പറഞ്ഞിരുന്നത്. വിനയ് ശര്‍മയ്ക്ക് വിദഗ്ധ ചികിത്സ വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഹർജിയിൽ ഡൽഹി കോടതി തീഹാർ ജയിൽ അധികൃതരോട് വിശദീകരണം തേടിയിരുന്നു. വിനയ് ശര്‍മ്മയ്ക്ക് മാനസിക രോഗമില്ലെന്നും, ഹര്‍ജിയിലേത് നുണകളുടെ കൂമ്പാരമാണെന്നും ജയിൽ അധികൃതർ വ്യക്തമാക്കി. വിനയ് ശർമ്മയെ ജയില്‍ ഡോക്ടർമാർ പരിശോധിച്ച് മാനസിക രോഗമില്ലെന്ന് വിലയിരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മെഡിക്കൽ ഹിസ്റ്ററിയിലും ഇത്തരത്തിൽ പ്രശ്‌നമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഇർഫാൻ അഹമ്മദ് പറഞ്ഞു.
ഫെബ്രുവരി 16 ന് വിനയ് ശർമ്മ ജയിലിലെ സെല്ലിൽ തലയിടിച്ച് പരിക്കുണ്ടാക്കിയ സാഹചര്യം കണക്കിലെടുത്ത് അദ്ദേഹത്തെ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്നും ജയിൽ അധികൃതർ സൂചിപ്പിച്ചു. നിര്‍ഭയ കേസിലെ പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നിവരെ മാർച്ച് മൂന്നിന് രാവിലെ ആറുമണിയ്ക്ക് തൂക്കിലേറ്റാനാണ് ഡൽഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.