wp

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തെങ്ങും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന പ്രക്ഷോഭം പുതിയ ഘട്ടങ്ങളിലേക്ക് പ്രവേശിക്കുകയാണ്. ജനങ്ങൾ ഒറ്റക്കെട്ടായി ഉയർത്തിയ പ്രക്ഷോഭത്തെ ജനാധിപത്യപരമായി അഭിമുഖീകരിക്കാൻ സന്നദ്ധമാകാതെ നിയമം ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാൻ ആണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്ന് വരേണ്ടതുണ്ട്. ഭരണഘടനാ മൂല്യങ്ങളായ സമത്വം, സാമൂഹ്യനീതി, സാഹോദര്യം എന്നിവയെ റദ്ദ് ചെയ്യുന്നതും മതാടിസ്ഥാനത്തിൽ ജനങ്ങൾക്കിടയിൽ വിവേചനം സൃഷ്ടിക്കുന്നതും മുസ്‌ലിം ജനവിഭാഗത്തെ പൗരത്വത്തിൽ നിന്നു പുറത്താക്കുന്നതുമാണ് പൗരത്വ നിയമ ഭേദഗതിയും നടപ്പാക്കാൻ പോകുന്ന NRC യും. ഇതിലൂടെ പൗരാവകാശങ്ങൾക്ക് മതം മാനദണ്ഡമാക്കി രാജ്യത്തെ വീണ്ടും വിഭജിക്കുകയാണ്.

സംഘ്പരിവാറിന്റെ ഹിന്ദുത്വ രാഷ്ട്ര നിർമ്മിതിക്ക് തടസ്സമായ ഭരണഘടനയെ കൊലപ്പെടുത്തുകയാണ് ഈ നിയമങ്ങൾ ചെയ്യുന്നത്. വൈവിധ്യങ്ങളുടെ ഇന്ത്യ എന്ന ആശയത്തെ തകർക്കുന്നത് തിരിച്ചറിഞ്ഞ ഇന്ത്യൻ ജനത ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പത്രസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെയും ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള അവസാന അവസരമാണിത്. പൗരത്വ നിയമ ഭേദഗതി പിൻവലിക്കപ്പെടുകയും സംഘ്പരിവാർ സമഗ്രാധിപത്യത്തിന് അന്ത്യം കുറിക്കുന്നത് വരെയും സമരങ്ങൾ തുടരേണ്ടതുണ്ട്.

പൗരത്വ സമരത്തിന്റെ തുടക്കം മുതൽ തന്നെ വെൽഫെയർ പാർട്ടി സജീവമായി സമരരംഗത്തുണ്ട്. പാർലമെന്റ് മാർച്ച്, ജനകീയ ഹർത്താൽ, കേന്ദ്ര ഓഫീസ് പിക്കറ്റിംഗുകൾ, ജില്ലാ ലോങ് മാർച്ചുകൾ, മണ്ഡലം - പഞ്ചായത്തുതല പ്രതിഷേധ പരിപാടികൾ സമര ചത്വരങ്ങൾ തുടങ്ങിയവ സമരത്തിന്റെ ആദ്യഘട്ടത്തിൽ സംഘടിപ്പിച്ചു. ഇവക്കുപുറമെ വിവിധ കൂട്ടായ്മകളുമായും പാർട്ടികളുമായും ചേർന്ന് വിവിധ പരിപാടികളിൽ പങ്കാളികളായി. കേരളത്തിൽ പൗരത്വ ഭേദഗതിക്കെതിരെ നടക്കുന്ന ജനകീയ പോരാട്ടങ്ങളിൽ വെൽഫെയർ പാർട്ടി നേതൃപരമായ പങ്ക് വഹിച്ചു വരുന്നു.

സമരത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ ഉപരോധിക്കുന്ന സമരങ്ങൾ രാജ്യ വ്യാപകമായി നടത്തും. രണ്ടാംഘട്ട സമരത്തിന്റെ തുടക്കമെന്ന നിലയിലാണ് 'ഒക്കുപൈ രാജ്ഭവൻ' സംഘടിപ്പിക്കുന്നത്. കേരള രാജ്ഭവൻ തുടർച്ചയായ 30 മണിക്കൂർ ഉപരോധിക്കുകയാണ് ഈ പ്രക്ഷോഭത്തിലൂടെ. ഫെബ്രുവരി 25,26 (ചൊവ്വ, ബുധൻ) ദിവസങ്ങളിലായി നടക്കുന്ന പ്രക്ഷോഭത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും ആയിരക്കണക്കിന് പ്രവർത്തകർ പങ്കാളികളാകും.

പൗരത്വ പ്രക്ഷോഭത്തിൽ രാജ്യത്തിന്റെ സമര കേന്ദ്രമായി മാറിയ ഡൽഹി ഷാഹീൻ ബാഗിലെ പ്രായം തളർത്താത്ത വിപ്ലവസമര നായികമാരായ അസ്മ ഖാത്തൂൻ (90), ബൽകീസ് (82), സർവാരി (75) എന്നിവരും ജാമിഅ മില്ലിയ സമര നായികയും പൗരത്വ സമരത്തിന്റെ ചൂണ്ടുവിരൽ പ്രതീകവുമായ ആയിശാ റെന്നയും ഒക്കുപൈ രാജ്ഭവനിൽ മുഖ്യാതിഥികളായി പങ്കെടുക്കും.

വിവിധ സെഷനുകളിലായി വെൽഫെയർ പാർട്ടി ദേശീയ പ്രസിഡണ്ട് ഡോ. എസ് ക്യു ആർ ഇല്യാസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, KPCC പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്‍ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ മുരളീധരൻ എംപി, ബെന്നി ബഹനാൻ എം.പി, കെ.പി.എ മജീദ്, എം.എം ഹസ്സൻ, അടൂർ പ്രകാശ് എം.പി, കെ. അംബുജാക്ഷൻ, വി.ടി അബ്ദുല്ലക്കോയ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഡോ. അൻസാർ അബൂബക്കർ, ഷിബു ബേബി ജോൺ, സി. പി ജോൺ, ജോണി നെല്ലൂർ, ലതികാ സുഭാഷ്, തമ്പാൻ തോമസ്, ഡോ.എസ്.പി ഉദയകുമാർ, എം.കെ മനോജ്കുമാർ, മുരളി നാഗ, ഡോ.ജെ ദേവിക, കെ.പി ശശി, ഭാസുരേന്ദ്ര ബാബു, ടി. പീറ്റർ, ആസിഫ് ഇഖ്ബാൽ, സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം തുടങ്ങി നിരവധി നേതാക്കൾ സമരത്തെ അഭിസംബോധനം ചെയ്യും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലും കാമ്പസുകളിലും രൂപപ്പെട്ടുവന്ന ഷാഹിൻ ബാഗുകളിൽ നിന്നും ആസാദി സ്ക്വയറുകളിൽ നിന്നും ആയിരങ്ങൾ ഒക്കുപൈ രാജ്ഭവനിൽ സമര പോരാളികളായി പങ്കുചേരും. രാജ്യത്ത് ആരംഭിച്ച സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ചരിത്രത്തിലെ വൻ മുന്നേറ്റമായി ഒക്കുപൈ രാജ്ഭവൻ മാറും.

പത്രസമ്മേളത്തിൽ പങ്കെടുക്കുന്നവർ


ഹമീദ് വാണിയമ്പലം (സംസ്ഥാന പ്രസിഡണ്ട്)
കെ.എ. ഷെഫീക്ക് (സംസ്ഥാന ജനറല്‍ സെക്രട്ടറി)
ശ്രീജ നെയ്യാറ്റിന്‍കര (സംസ്ഥാന വൈസ് പ്രസിഡണ്ട്)
സജീദ് ഖാലിദ് (സംസ്ഥാന സെക്രട്ടറി)

2020 ഫെബ്രുവരി 22, തിരുവനന്തപുരം പ്രസ് ക്ലബ്