കൊച്ചി: സാധാരണക്കാരന് അപ്രാപ്യമായ ഉയരത്തിലേക്ക് മുന്നേറുകയാണ് പൊന്നിൻ വില. 2020ൽ മാത്രം കേരളത്തിൽ പവന് കൂടിയത് 2,400 രൂപയാണ്. ഈമാസം ഇതുവരെ പവൻ കുറിച്ചിട്ട കുതിപ്പ് 1,560 രൂപ. എക്കാലത്തെയും ഉയർന്ന നിരക്കായ 31,480 രൂപയിലായിരുന്നു ഇന്നലെ പവൻ വ്യാപാരം. ഗ്രാമിന് വില 3,935 രൂപ. പൊന്നിൻ വിലക്കുതിപ്പ് എതാനും ആഴ്‌ചകളോ മാസങ്ങളോളമോ തുടർന്നേക്കുമെന്നാണ് വിലയിരുത്തൽ.
ലോക വ്യാപാര ഭൂപടത്തിൽ മുൻനിര സ്ഥാനമുള്ള ചൈനയുടെ സമ്പദ്‌വ്യവസ്ഥ കൊറോണയെ തുടർന്ന് സ്‌തംഭിച്ച മട്ടാണ്. ചൈനയിൽ നിന്നുള്ള കയറ്റുമതിയും ചൈനയിലേക്കുള്ള ഇറക്കുമതിയും ഏതാണ്ട് നിർജീവമായി. നിലവിൽ, മൊത്തം സമ്പദ്‌ശേഷിയുടെ 40 ശതമാനം ബലം മാത്രമാണ് ചൈനയ്ക്കുള്ളത്. ചൈനയുടെ തളർച്ച ആഗോള സമ്പദ്‌വളർച്ചയിൽ ഒരു ശതമാനം വരെ ഇടിവുണ്ടാക്കുമെന്ന വിലയിരുത്തലുണ്ട്. ഇത്, ഇന്ത്യയടക്കം ഏറ്റവും വലിയ 20 സമ്പദ്‌ശക്തികളെ ശക്തമായി ഉലയ്ക്കും.
നോട്ട് അസാധുവാക്കൽ കാലത്ത്, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിട്ടതിന് സമാനമായ സ്ഥിതിയാണ് ചൈനീസ് കൊറോണ മൂലം ആഗോള സമ്പദ്‌രംഗം അഭിമുഖീകരിക്കുന്നത്. വാണിജ്യ-വ്യവസായ മേഖലയാകെ ഭീതിയിലാണ്. ഏപ്രിൽ-ജൂൺ പാദം വരെയോ ജൂലായ്-സെപ്‌തംബർ പാദത്തിന്റെ ആദ്യവാരങ്ങളോ വരെ കൊറോണ സൃഷ്‌ടിച്ച സമ്പദ്‌ഞെരുക്കം തുടർന്നേക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ നിരീക്ഷിക്കുന്നു. കൊറോണ ഭീതി ഒഴിഞ്ഞാലും അത് വിവിധ രാജ്യങ്ങളിൽ സൃഷ്‌ടിച്ച സാമ്പത്തിക തളർച്ച മാറാൻ തുടർന്നും മാസങ്ങളെടുത്തേക്കും.
പൊന്നിൻ വില
എങ്ങോട്ട്?
2012ൽ രാജ്യാന്തര സ്വർണവില ഔൺസിന് 1,850 ഡോളറായിരുന്നു. ഇപ്പോൾ വില 1,646.20 ഡോളർ. ഏകദേശം 200 ഡോളർ കുറവ്. എന്നിട്ടും, ഇന്ത്യൻ വിപണിയിൽ ഇപ്പോൾ സ്വർണമുള്ളത് റെക്കാഡ് വിലയിൽ. ഡോളറിനെതിരെ രൂപയുടെ മൂല്യം 71-72 നിലവാരത്തിലേക്ക് ഇടിഞ്ഞതുവഴി ഇറക്കുമതിച്ചെലവ് കൂടിയതാണ് കാരണം.
കൊറോണ ഭീതി 2020 ജൂൺ പാദത്തിലേക്കും നീണ്ടാൽ രാജ്യാന്തര വില 1,750 ഡോളർ കടന്നേക്കുമെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോൾഡ്മാൻ സാക്ക്സ് ചൂണ്ടിക്കാട്ടുന്നു.
അങ്ങനെയെങ്കിൽ:
കേരളത്തിൽ പവൻ വില 32,000 രൂപയും ഗ്രാം വില 4,000 രൂപയും കടക്കും.
വിലക്കുതിപ്പിന് പിന്നിൽ
ഇ.ടി.എഫ് സ്‌നേഹം
ആഗോളതലത്തിൽ ഓഹരി-കടപ്പത്ര വിപണികളെ കൊറോണ കടപുഴക്കി കഴിഞ്ഞു. അമേരിക്കയിലും യൂറോപ്പിലും ഓഹരി വിപണികളിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ കൊഴിയുന്നത് കാണം. ഇവരെല്ലാം സ്വർണത്തിലേക്കാണ് ചേക്കേറുന്നത്.
സ്വർണാഭരണമല്ല, ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കാണ് (ഗോൾഡ് ഇ.ടി.എഫ്) പണമൊഴുകുന്നത്. ഇതാണ്, സ്വർണ വിലക്കുതിപ്പിന് കാരണം.
931 ടൺ
ലോകത്തെ ഏറ്റവും വലിയ സ്വർണ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ (ഇ.ടി.എഫ്) എസ്.പി.ഡി.ആർ ഗോൾഡ് ട്രസ്‌റ്റിൽ കഴിഞ്ഞ നവംബർ 26 മുതൽ ഫെബ്രുവരി 19 വരെ മാത്രം നിക്ഷേപത്തിലുണ്ടായ വർദ്ധന 931.6 ടണ്ണാണ്. മൂന്നുമാസത്തിനിടെ എത്തിയ നിക്ഷേപം ഇന്നലെ വിലയിനുസരിച്ച് ഏകദേശം നാലുലക്ഷം കോടി രൂപ!
എന്ത് കൊടുക്കണം
ഒരു പവന് ?
ഇന്നലെ പവൻ വില : ₹31,480
കുറഞ്ഞ പണിക്കൂലി : ₹2,500
3% ജി.എസ്.ടി+0.25% പ്രളയ സെസ് : ₹1,105
ആകെ : ₹35,085/-
പൊന്നുംകുതിപ്പ്
(പവൻവില കഴിഞ്ഞ ദിവസങ്ങളിൽ)
ഫെബ്രുവരി 05 : ₹29,920
ഫെബ്രുവരി 10 : ₹30,160
ഫെബ്രുവരി 15 : ₹30,480
ഫെബ്രുവരി 20 : ₹30,880
ഫെബ്രുവരി 22 : ₹31,480