മട്ടന്നൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ നാലാംപ്രതി സി.എസ് ദീപ്ചന്ദിന്റെ സഹോദരിക്ക് കോൺഗ്രസ് നിയന്ത്രിക്കുന്ന തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നഴ്സായി ജോലി നൽകിയതിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. സംഭവം വിവാദമായതിന് പിന്നാലെ യുവതി ജോലി രാജിവച്ചു. ജോലി നൽകാൻ ശുപാർശ നൽകിയ കണിച്ചാർ മണ്ഡലം മുൻ പ്രസിഡന്റിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി അറിയിച്ചു.
അക്രമരാഷ്ട്രീയത്തിന്റെ ഇരയായി പാർട്ടി ഉയർത്തിക്കാട്ടുന്ന ഷുഹൈബ് വധക്കേസിലെ പ്രതിയുടെ സഹോദരിക്ക് കെ.പി.സി.സി ഭാരവാഹിയായ മമ്പറം ദിവാകരൻ പ്രസിഡന്റായ ആശുപത്രിയിൽ ജോലി നൽകിയത് ഷുഹൈബിന്റെ ആത്മാവിനോട് ചെയ്യുന്ന കടുത്ത അനീതിയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം ഭാരവാഹികൾ രംഗത്തുവന്നതോടെയാണ് വിഷയം വിവാദമായത്.
കണിച്ചാർ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ആയിരുന്ന ചാക്കോ തൈക്കുന്നേലിന്റെ ശുപാർശ പ്രകാരമാണ് പ്രതിയുടെ സഹോദരിക്ക് ജോലി നൽകിയതെന്നായിരുന്നു ആശുപത്രി അധികൃതർ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.
അതെ സമയം ഇപ്പോഴത്തെ വിവാദം ആശുപത്രിയെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ചെയർമാൻ മമ്പറം ദിവാകരൻ പ്രതികരിച്ചത്.വിവിധ ഘട്ടത്തിലുള്ള യോഗ്യതാപരിശോധനകൾക്ക് ശേഷം ബോർഡിൽ പ്രാദേശിക നേതാക്കന്മാരുടെ അഭിപ്രായം കേൾക്കാറുണ്ട്. അങ്ങനെ ലഭിച്ച അപേക്ഷയിലായിരുന്നു ദീപ്ചന്ദിന്റെ സഹോദരിയ്ക്ക് നിയമനം നൽകിയത്. ശുപാർശ കത്ത് നൽകിയ വ്യക്തി മണ്ഡലം പ്രസിഡന്റല്ലെന്ന് മനസിലാകുമ്പോഴേക്കും നിയമന നടപടി പൂർത്തിയായിരുന്നു.എന്നാൽ ഈ ഉദ്യോഗാർത്ഥി വിദേശത്ത് ജോലി നേടുന്നതിനായി രാജിവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം പ്രതിയുടെ സഹോദരിക്ക് ജോലി നൽകിയതിൽ ജില്ലാ കോൺഗ്രസ് നേതൃത്വം മാപ്പ് പറഞ്ഞുവെന്നാണ് ഷുഹൈബിന്റെ പിതാവ് മുഹമ്മദിന്റെ പ്രതികരണം. വ്യാജ ശുപാർശക്കത്ത് നല്കി പാർട്ടിക്ക് അപകീർത്തി വരുത്തിയ മുൻ കണിച്ചാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ചാർക്കുന്നേലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡി . സി . സി പ്രസിഡന്റ് സതീശൻ പാച്ചേനിയും അറിയിച്ചിട്ടുണ്ട്.